
വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നിരന്തരം ട്വീറ്റുകളിലൂടെ നടത്തുന്ന ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയ്ക്കുമുന്നില്‍ ഹര്‍ജി. കങ്കണയുടെ ട്വീറ്റുകള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാകാന്‍ കാരണമാകുന്നുവെന്നും വെറുപ്പുപരത്തുന്നവയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കങ്കണയുടെ അതിതീവ്ര നിലപാടുകള്‍ രാജ്യത്തിന്റെ സാമുദായികൈക്യത്തെ തകര്‍ക്കുമെന്നതിനാല്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ജുഡീഷ്യറിയെ തന്റെ ട്വീറ്റിലൂടെ ‘പപ്പുസേന’യെന്ന് പരാമര്‍ശിച്ചതും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചില പ്രത്യേക മത, ജാതി വിഭാഗങ്ങള്‍ക്കെതിരെ താരം അധിക്ഷേപകരമായ കാര്യങ്ങള്‍ നിരന്തരമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. നടന് ദില്‍ജിത് ദോസന്ഹുമായി കങ്കണ ട്വിറ്ററിലൂടെ നടത്തിയ വാക്പോരിന്റെ പശ്ചാത്തലത്തിലാണ് ജനാധിപത്യവിശ്വാസികള്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ കോടതിയ്ക്കുമുന്നിലെത്തിയ ഹര്‍ജിയെ പരിഹസിച്ചുകൊണ്ട് കങ്കണ ഇന്നലെ രാത്രി വീണ്ടും ട്വീറ്റുമായെത്തി. ട്വിറ്റര്‍ മാത്രമല്ല തനിക്ക് ലഭ്യമായ ഏക പ്ലാറ്റ്ഫോമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. അഖണ്ഡ ഭാരതത്തിനായി എക്കാലവും നിലകൊണ്ട താന്‍ ചില ഗ്യാങ്ങുകളുമായി ഏറ്റുമുട്ടുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് തമാശയായിത്തോന്നുന്നുവെന്നായിരുന്നു കങ്കണയുടെ പ്രതികരണം.