‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്‌നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 2021 ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തന്റെ ട്വിറ്ററില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ജയ അമ്മക്ക് പിറന്നാള്‍ ദിനത്തില്‍ എന്നാണ് വീഡിയോക്ക് കാപ്ക്ഷന്‍ കൊടുത്തിരിക്കുന്നത്.

ജയലളിതയുടെ ചരമവാര്‍ഷികത്തില്‍ ചിത്രത്തിലെ ചില ഫോട്ടോസ് കങ്കണ പങ്കുവെച്ചിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2020 ജൂണ്‍ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചു. തലൈവി അടുത്ത വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍മുഖത്തേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. സര്‍വേഷ് മെവര്‍യാണ് തേജസിന്റെ സംവിധായകന്‍. ‘ഉറി’ എന്ന ചിത്രത്തിന് ശേഷം ‘ആര്‍എസ്വിപി’ നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2021 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായി മറ്റൊരു ചിത്രത്തില്‍ കങ്കണ വേഷമിടും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ല. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കങ്കണ ട്വിറ്ററിലൂടെയാണ് നടത്തിയത്. തന്റെ സുഹൃത്തുകൂടിയായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കല്‍ ഡ്രാമക്കായി ഒരുങ്ങുകയാണെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥയെഴുതുകയാണെന്നും ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്നും കങ്കണയുടെ ഓഫീസ് ഇറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രസ്ഥാവനയില്‍ കങ്കണ വ്യക്തമാക്കിയിരുന്നു.

Latest News