‘സവര്‍ക്കര്‍ജിയെപ്പോലെ എന്നെയും ജയിലിലാക്കാന്‍ ശ്രമിക്കുന്നു’; ആമിര്‍ഖാന് ഈ ‘അസഹിഷ്ണുത നിറഞ്ഞ രാജ്യത്ത്’ എന്ത് നേരിടേണ്ടി വന്നെന്ന് കങ്കണ
അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ കങ്കണയുടെ വീട് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭാഗികമായി തകര്‍ത്തതിനെക്കുറിച്ചും ട്വീറ്റില്‍ കങ്കണ പരാമര്‍ശിക്കുന്നു.
23 Oct 2020 3:37 AM GMT
ഫിൽമി റിപ്പോർട്ടർ

വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുംബൈ കോടതി തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നടി കങ്കണ റണൗത്. തനിക്കെതിരെയെടുക്കുന്ന നടപടികളെ സവര്‍ക്കറോടും ഝാന്‍സി റാണിയോടും സാമ്യപ്പെടുത്തിയാണ് താരത്തിന്റെ ട്വിറ്ററിലെ പ്രതികരണം. താന്‍ ആരാധിക്കുന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറിനെ പോലെ ജയിലേക്ക് പോകാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു കങ്കണയുടെ ആദ്യ ട്വീറ്റ്. പിന്നാലെ ആമിര്‍ ഖാനെ ടാഗ് ചെയ്ത് പോസ്റ്റുചെയ്ത മറ്റൊരു ട്വീറ്റില്‍ നടനെതിരെ കടുത്ത വിമര്‍ശനമാണ് കങ്കണ നടത്തിയത്.
‘ഞാന്‍ സവര്‍ക്കര്‍ജി, നേതാ ബോസ്, ഝാന്‍സി റാണി എന്നിവരെ ആരാധിക്കുന്നു. എന്നെ ജയിലിലേക്ക് അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം എന്റെ തീരുമാനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്, താമസിയാതെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്. എന്റെ ആരാധനാമൂര്‍ത്തികള്‍ അനുഭവിച്ച അതേ ദുരിതങ്ങളിലൂടെ കടന്നുപോകാനുള്ള ഈ അവസരം എന്റെ ജീവിതത്തിന് ഒരര്‍ത്ഥം നല്‍കും, ജയ് ഹിന്ദ്’
കങ്കണ റണൗത്
രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന ആമിര്‍ ഖാനടക്കമുള്ള ‘അസഹിഷ്ണുത സംഘം’ തനിക്കെതിരെ ഉണ്ടാകുന്ന നടപടികളെ അവഗണിക്കുന്നെന്നായിരുന്നു അടുത്ത ട്വീറ്റിലെ വിമര്‍ശനം. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് അമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ പ്രതികരണം. അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ കങ്കണയുടെ വീട് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭാഗികമായി തകര്‍ത്തതിനെക്കുറിച്ചും ട്വീറ്റില്‍ കങ്കണ പരാമര്‍ശിക്കുന്നു.
‘റാണി ലക്ഷ്മിബായിയുടെ കോട്ട തകര്‍ത്തതുപോലെ എന്റെ വീടും തകര്‍ത്തു; വീര സവര്‍ക്കറെ കലാപത്തിന്റെ പേരില്‍ ജയിലിലടച്ചതുപോലെ എന്നെയും ജയിലിലേക്ക് അയയ്ക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. ഈ ‘അസഹിഷ്ണുത’ നിറഞ്ഞ രാജ്യത്ത് എത്രമാത്രം വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന്് ആരെങ്കിലും പോയി ആ ‘അസഹിഷ്ണുത സംഘ’ത്തോട് ചോദിക്കണം’
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും കുട്ടികളുടെ സുരക്ഷയ്ക്കായി ഇന്ത്യയിലില്‍ നിന്ന് പോകാം എന്നു വരെ ഭാര്യ ചിന്തിച്ചെന്നും ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ആ പരാമര്‍ശം എടുത്തുകാട്ടിയായിരുന്നു കങ്കണയുടെ ട്വീറ്റ്.
മെഴുകുതിരി മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നവരെയും പ്രതിഷേധമായി അവാര്‍ഡുകള്‍ തിരികെ നല്‍കുന്നവരെയും കുറിച്ച് കങ്കണ മറ്റൊരു ട്വീറ്റില്‍ പരാമര്‍ശം നടത്തി. ഒരു ടിവി ചാനലിന്റെ ട്വീറ്റിനോട് പ്രതികരിച്ചായിരുന്നു കങ്കണയുടെ റീട്വീറ്റ് ‘മെഴുകുതിരി മാര്‍ച്ച് നടത്തിയും അവാര്‍ഡ് തിരികെ നല്‍കിയും പ്രതിഷേധിക്കുന്ന സംഘങ്ങള്‍ ഫാസിസത്തിനെതിരെ പോരാടുന്ന യഥാര്‍ഥ വിപ്ലവകാരികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുപഠിക്കൂ’ എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
ആരും ശ്രദ്ധിക്കാത്ത ആരും ചോദിക്കാത്ത നിങ്ങളുടെ അഭിപ്രായങ്ങള്‍ പോലെയല്ലത് മഹാരാഷ്ട്രയിലെ യഥാര്‍ഥ ഫാസിസ്റ്റ് സര്‍ക്കാരിനോടുള്ള എന്റെ പോരാട്ടത് ഒരു അര്‍ത്ഥമുണ്ട്, നിങ്ങളെയെല്ലാം പോലെ അതൊരു തട്ടിപ്പല്ല.’ കങ്കണ ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖ് നല്‍കിയ പരാതിയടക്കം ഒന്നിലധുകം എഫ്‌ഐആറുകളാണ് കങ്കണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് അടുത്തയാഴ്ച പൊലീസ് കങ്കണയെയും സഹോദരി രംഗോളി ചന്ദലിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.