
ശബരിമലയില്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വിവാദമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇപ്പോള്‍ ശബരിമലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതെന്താണെന്ന് രമേശ് ചെന്നിത്തല പറയണമെന്നും കാനം പറഞ്ഞു. ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
2019ലെ ലേക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്ക് ശബരിമല വിവാദങ്ങള്‍ അല്ല കാരണമെന്നും കാനം രാജേന്ദ്രന് സൂചിപ്പിച്ചു. ശബരിമലയല്ല, ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ വേണമോ വേണ്ടയോ എന്ന ചോദ്യമാണ് ആ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നതെന്നും കാനം വിശദീകരിച്ചു. മതേതരസര്ക്കാരുണ്ടാക്കാന് എല്‍ഡിഎഫിനേക്കാള്‍ കോണ്‍ഗ്രസിനാണ് ശേഷിയുള്ളതെന്ന് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് അന്ന് തിരിച്ചടിയായതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഇപ്പോള്‍ ആരാധന നടക്കുന്നില്ലേ, പൂജ നടക്കുന്നില്ലേ പിന്നെയെന്താണ് അവിടുത്തെ പ്രശ്നം എന്ന് തിരിച്ചടിച്ചുകൊണ്ടായിരുന്നു ശബരിമല വിഷയത്തിലെ കാനത്തിന്റെ പ്രതികരണം. 2016 ല്‍ ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലമാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നതെന്നും സത്യവാങ്മൂലം മാറ്റണെമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കാനം പറഞ്ഞു.
പിന്‍വാതില്‍ നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന റാങ്ക് ഹോള്‍ഡറുമാരുടെ സമരത്തിലുള്ള വിയോജിപ്പും കാനം പ്രകടിപ്പിച്ചു. ഈ സമരത്തിന് പിന്നിലുള്ള രാഷ്ട്രീയം സംശയിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നും കാനം വ്യക്തമാക്കി.