Top

FACT CHECK: കര്‍ഷകപ്രതിഷേധത്തിന് പിന്തുണയുമായി കമലാ ഹാരിസും? പ്രചരണത്തിന്റെ വാസ്തവമെന്ത്? ബിബിസിയുടെ വിശദീകരണം ഇങ്ങനെ

കര്‍ഷകരോട് ഇന്ത്യന്‍ ഭരണകൂടം പെരുമാറുന്നത് കണ്ട് താന്‍ അമ്പരന്നെന്നും വിവാദ നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതവൃത്തിയെത്തന്നെ അപകടത്തിലാക്കുന്നതാണെന്നും കമലാഹാരിസ് ട്വീറ്റ് ചെയ്തു എന്ന മട്ടിലായിരുന്നു പ്രചരണം.

6 Dec 2020 1:09 AM GMT

FACT CHECK: കര്‍ഷകപ്രതിഷേധത്തിന് പിന്തുണയുമായി കമലാ ഹാരിസും? പ്രചരണത്തിന്റെ വാസ്തവമെന്ത്? ബിബിസിയുടെ വിശദീകരണം ഇങ്ങനെ
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തിയെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് പ്രശസ്ത അന്താരാഷ്ട്രമാധ്യമമായ ബിബിസി. കര്‍ഷകരെ പിന്തുണച്ച് കമലാ ഹാരിസ് പോസ്റ്റുചെയ്തതെന്ന പേരില്‍ രാഷ്ട്രീയനേതാക്കളുള്‍പ്പെടെ പങ്കുവെയ്ക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ബിബിസി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നോ വൈസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നോ കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് സന്ദേശങ്ങള്‍ ഒന്നും പുറത്തെത്തിയിട്ടില്ലെന്നും ബിബിസിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തുന്നു. ട്വീറ്റ് വ്യാജമാണെന്ന് കമലാ ഹാരിസിന്റെ ഓഫീസ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകരോട് ഇന്ത്യന്‍ ഭരണകൂടം പെരുമാറുന്നത് കണ്ട് താന്‍ അമ്പരന്നെന്നും വിവാദ നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതവൃത്തിയെത്തന്നെ അപകടത്തിലാക്കുന്നതാണെന്നും കമലാഹാരിസ് ട്വീറ്റ് ചെയ്തു എന്ന മട്ടിലായിരുന്നു പ്രചരണം. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുന്നതിനുപകരം അവരോട് തുറന്ന് സംസാരിക്കാന്‍ സര്‍ക്കാര്‍ മനസ് കാണിക്കണമെന്നും കമല പറഞ്ഞതായി പലരും പ്രചരിപ്പിച്ചിരുന്നു. പ്രചരണം വ്യാപകമായതോടെ ഇതിനെതിരെ ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. ഈ സന്ദേശം ചിലപ്പോള്‍ വ്യാജമാകാമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം സമാധാനപരമായി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രൂഡോയുടെ നടപടി കാപട്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Next Story