
ചെന്നൈ: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. മതനിരപേക്ഷിത നിലപാട് സ്വീകരിക്കുന്ന കമലും പാര്‍ട്ടിയും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കണം എന്ന നിലപാടുമായി തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അഴഗിരി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്ഷണത്തിന് നന്ദി പറഞ്ഞ കമല്‍ തീരുമാനം പിന്നീടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി നാല് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനവും കമലിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. തമിഴ്നാട്ടില്‍ മുന്നണിയുണ്ടാക്കി കരുത്തുകാട്ടാനാണ് കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ നീക്കം. തുടര്‍ന്ന് മക്കള്‍ നീതി മയ്യത്തിന് സംസ്ഥാനത്തുള്ള സ്വാധീനം കണക്കിലെടുത്താകണം സഖ്യത്തിനായുള്ള കോണ്‍ഗ്രസ് നീക്കം എന്ന് വേണം കരുതാന്‍.
ഡിഎംകെ- കോണ്‍ഗ്രസ് സംഖ്യത്തിലേക്ക് കമലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കാര്‍ത്തി ചിതംബരത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കമലിനുള്ള ക്ഷണവുമായി അഴഗിരി രംഗത്തെത്തുന്നത്. ഡിഎംകെയ്ക്കൊപ്പം സഖ്യരൂപീകരണത്തിന് തയ്യാറാവില്ലെന്ന് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തന്നെ കമല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഡിഎംകെയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ സാധിക്കില്ലെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിച്ചിരുന്നു.
അഭിവൃദ്ധിയുള്ള തമിഴ്നാട് എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ടായിരുന്നു വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ റാലി സംസ്ഥാന വ്യാപകമായി നടന്നത്. അതോടൊപ്പം തന്നെ തമിഴ്നാട്ടിലെ മുഖ്യ ദ്രാവിഡ കക്ഷികളായ ഡിഎംകെയുമായും എഡിഎംകെയുമായും സഖ്യത്തിനില്ലെന്നും കമല്ഹാസന് അറിയിച്ചിരുന്നു.