ഇബ്രാഹിം കുഞ്ഞിന് പകരം ടിഎ അഹമ്മദ് കബീര്‍?; ലീഗില്‍ ആലോചനകള്‍ സജീവം

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പകരം കളമശേരിയില്‍ നിലവിലെ മങ്കട എംഎല്‍എ അഹമ്മദ് കബീറിന്റെ പേര് മുസ്‌ലിം ലീഗില്‍ സജീവം. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്ന് ജില്ലയിലെ ലീഗ് നേതൃത്വം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിച്ചാല്‍ പാലാരിവട്ടം കേസ് തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാവുമെന്നും അത് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാര്യമായി ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ധരിപ്പിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച ക്ഷീണം തന്നെ ഇത് കൊണ്ടാണെന്നും അവര്‍ പറയുന്നു.

വികെ ഇബ്രാഹിം കുഞ്ഞിന് വീണ്ടും മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. സീറ്റ് നല്‍കിയില്ലെങ്കില്‍ മകനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വിഇ അബ്ദുള്‍ ഖഫൂറിനെ മത്സരിപ്പിക്കാനാണ് മുന്‍ മന്ത്രിയുടെ താല്‍പര്യം.

സംസ്ഥാന വൈസ് പ്രസിഡണ്ട് പിഎം ഹാരിസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എസ്ടിയു ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ മുതിര്‍ന്ന നേതാവ് ടിഎസ് അബൂബക്കറിനായി ഒരു വിഭാഗം രംഗത്തുണ്ട്.

Latest News