Top

ചികിത്സാവീഴ്ച്ച : കളമശേരി മെഡിക്കല്‍ കോളെജിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ

ആരോഗ്യവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

27 Oct 2020 3:03 AM GMT

ചികിത്സാവീഴ്ച്ച : കളമശേരി മെഡിക്കല്‍ കോളെജിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ
X

കളമശേരി മെഡിക്കല്‍ കോളെജിനെതിരെ ചികിത്സാവീഴ്ച്ച സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി സർക്കാർ . ആരോഗ്യവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കളമശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണം സംബന്ധിച്ച വെളിപ്പെടുത്തല്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഓക്‌സിജന്‍ ട്യൂബ് ഇളകി കിടന്നതാണ് മരണകാരണം എന്നായിരുന്നു നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലൂടെ പുറത്തുവന്നത്. ഇതുള്‍പ്പെടെയുള്ള അനാസ്ഥകള്‍ വെളിപ്പെടുത്തി ആശുപത്രിയിലെ ഡോക്ടര്‍ നജ്മയും രംഗത്തെത്തി.

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാട്ടി ആശുപത്രി പ്രിന്‍സിപ്പല്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിയ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ വിദഗ്ധ അന്വഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിദ്യാഭ്യാസവകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോക്ടര്‍ ഹരികുമാരന്‍ നായരെ അന്വേഷണത്തിനായി നിയമിച്ചത്.

നഴ്‌സിംഗ് ഓഫീസര്‍ ജലജാ ദേവി, ഡോക്ടര്‍ നജ്മ എന്നിവരുടെ ആരോപണങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ കോളെജിലെ കൊവിഡ് കൊവിഡ് ഇതര ചികിത്സ, സേവന മികവ് എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. നഴ്‌സിംഗ് ഓഫീസറുടേയും ഡോക്ടറുടേയും വെളിപ്പെടുത്തലിന് പിന്നാലെ മരണപ്പെട്ട നിരവധി പേരുടെ ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Next Story