അമ്പരപ്പിക്കുന്ന താളം, ത്രില്ലിങ്ങ്; പ്രതീക്ഷയേറ്റി കളയുടെ ടീസര്‍; വ്യത്യസ്തമെന്ന് പ്രേക്ഷകര്‍

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കളയുടെ ടീസർ പുറത്തുവിട്ടു. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

വളരെ ആകാംഷ സൃഷ്ടിക്കുന്ന തരത്തിലാണ് ടീസർ. ചിത്രത്തിലെ കഥാപാത്രങ്ങളുടെ എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകൾ നിറഞ്ഞ ടീസർ അമ്പരിപ്പിക്കുന്ന ശബ്ദങ്ങളുടെ അകമ്പടിയോടെയാണ് ചെയ്തിരിക്കുന്നത്. ടീസറിന് ഇതിനോടകം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Here is the official teaser of #KALA! 😊https://youtu.be/9b9MovPPewk

Posted by Tovino Thomas on Thursday, January 21, 2021

നേരത്തെ കളയിലെ ചിത്രീകരണ ദൃശ്യത്തോടൊപ്പം നടൻ ലാൽ ടൊവിനോയ്ക്ക് പിറന്നാൾ ആശംസ നേർന്നത് വൈറൽ ആയിരുന്നു. ‘ഹാപ്പി ബർത്ത്ഡേ മകനെ, കേക്കാണെന്ന് കരുതി കഴിച്ചോളൂ’ എന്ന കുറിപ്പോടെയായിരുന്നു ലാൽ പോസ്റ്റ് ചെയ്തത്.

രോഹിത്ത് വി എസാണ് ‘കള’യുടെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടന രംഗത്തിനിടെ വയറിനാണ് താരത്തിന് പരിക്കേറ്റത്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദനാണ്’ ടൊവിനോയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ടൊവിനോയും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

Latest News