കടയ്ക്കാവൂര്‍ പോക്സോ കേസ്; അമ്മക്ക് ജാമ്യം, കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റി താമസിപ്പിക്കണമെന്ന് ഹൈക്കോടതി

കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പ്രതിയായ വീട്ടമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വാദം തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റി താമസിപ്പിക്കണം, കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണം തുടങ്ങിയ വീട്ടമ്മയുടെ ആവശ്യങ്ങളും കോടതി അംഗീകരിച്ചു. കേസ് ഡയറി പരിശോധിച്ചതിന് ശേഷമാണ് കോടതി നടപടി.
കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൈല്‍ഡ് സൈക്കോളജിസ്റ്റ്, ലേഡി ഡോക്ടര്‍, ശിശു രോഗ വിദഗ്ദ്ധന് എന്നിവര്‍ ഉള്‍പ്പെടുന്നതാവണം മെഡിക്കല്‍ ബോര്‍ഡ്. കുട്ടിയെ ശിശു സംരക്ഷണസമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് കുടുംബപ്രശ്നമായി കണ്ട് തള്ളിക്കളായാന്‍ സാധിക്കില്ലെന്നും യുവതിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
പ്രതിയുടെ ഫോണില്‍ നിന്ന് നിര്‍ണ്ണായകമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ രാത്രികളില്‍ കുട്ടിക്ക് ചില മരുന്നുകള്‍ നല്‍കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കിയതായും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടു പ്രതി നെയ്യാറ്റിന്‍കര പോക്സോ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിയുള്ള കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നാല് കുട്ടികളാണ് തനിക്കുള്ളതെന്നും ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും താനുമായി വിവാഹമോചനം നടത്താതെയാണ് അയാള്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു. തന്റെ മുന്‍ ഭര്‍ത്താവും കൗണ്‍സിലറായ ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് മകനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയെ പൊലീസ് കഴിഞ്ഞ മാസം 22ന് അറസ്റ്റ് ചെയ്യുന്നത്.