Top

‘സിനിമാട്ടോഗ്രാഫ് ബിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും’; അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെന്ന് കാർത്തി

നേരത്തെ സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു.

2 July 2021 10:46 AM GMT
ഫിൽമി റിപ്പോർട്ടർ

‘സിനിമാട്ടോഗ്രാഫ് ബിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും’; അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെന്ന് കാർത്തി
X

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നടൻ കാർത്തി. ബില്ലിലൂടെ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരം നൽകുന്നത് അരക്ഷിതാവസ്ഥ ശ്രിസ്തിക്കുമെന്നും ഈ ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാട്ടോഗ്രാഫ് ബിൽ പിൻവലിക്കണമെന്നും ആദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

കാർത്തിയുടെ വാക്കുകൾ:

സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2021 (ഡ്രാഫ്റ്റ്) ഏത് സമയത്തും ഒരു ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്തിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സിനിമയുടെ ബിസിനസ് സാധ്യതകളെ ബാധിക്കുകയും വ്യവസായത്തെ തകർക്കുകയും ചെയ്യും. അതിനാൽ അത്തരം വ്യവസ്ഥകൾ ഉപേക്ഷിക്കണം.

പൈറസി തടയുന്നതിനുള്ള കരട് നടപടികൾ പ്രശംസനീയമാണെങ്കിലും, ഒരു പരിഷ്കൃത സമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് വളരെ അനഭിലഷണീയമാണ്. ഞാൻ അപേക്ഷ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നേരത്തെ സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു. ഇരുവരും ട്വിറ്ററിലാണ് നിയമത്തിനെതിരയി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. ഈ നിയമപ്രകാരം സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ചതെങ്കില്‍ കൂടെ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

Next Story