‘ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കട്ടെ’; വെല്ലുവിളിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാല്‍ പോലും അതില്‍ മാറ്റമുണ്ടാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉമ്മന്‍ ചാണ്ടിയെ പൂര്‍ണ മനസോടെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയ്യാറാവട്ടെ. ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ […]

തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാല്‍ പോലും അതില്‍ മാറ്റമുണ്ടാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉമ്മന്‍ ചാണ്ടിയെ പൂര്‍ണ മനസോടെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയ്യാറാവട്ടെ. ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ നേമം ഭാരതീയ ജനതാ പാര്‍ട്ടി നിലനിര്‍ത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി നേമത്തേക്ക് വരട്ടെ, മത്സരിക്കട്ടെ എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്’, കെ സുരേന്ദ്രന് വെല്ലുവിളിച്ചു.
താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. മത്സരിക്കുകയാണെങ്കില്‍ എവിടെ നില്‍ക്കണം എന്ന ആലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നി ബിജെപിയുടെ ആദ്യ പരിഗണനയിലുള്ള മണ്ഡലമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പരിശ്രമിച്ചിട്ടും 40,000 വോട്ടുകള്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി. കോന്നിയില്‍ ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന് ക്രൈസ്തവര്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യതയുണ്ടെന്നും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്രൈസ്തവ സമുദായ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മതിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന പ്രതീക്ഷയും സുരേന്ദ്രന് പങ്കുവെച്ചു.
ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതെല്ലാം തള്ളി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ഏത് സീറ്റും അനുയോജ്യമാണെന്ന പരാമര്‍ശവുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഏത് മണ്ഡലവും അനുയോജ്യമാണ്. എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ ചാണ്ടി തള്ളിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനകത്ത് അത്തരം ചര്‍ച്ചകള്‍ വന്നിട്ടില്ല. വേണമെങ്കില്‍ അത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇപ്പോള്‍ അദ്ദേഹം അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ട കാര്യമില്ല. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ ഇപ്പോഴത്തെ അഭിപ്രായം’, മുല്ലപ്പള്ളി വിശദീകരിച്ചു.