
തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ ബിജെപി ദയനീയ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് ആക്ഷേപങ്ങള്‍ നേരിടുന്ന കെ സുരേന്ദ്രന് പക്ഷേ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഉയര്‍ത്തിയത് കനത്ത വെല്ലുവിളി. രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിച്ചുതോറ്റ സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുവിഹിതം കാര്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കില്‍ താന്‍ വിജയിച്ചേനെ എന്ന് ഇന്നലെ പ്രസ്താവിച്ച സുരേന്ദ്രന് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും വ്യാപകമായി വോട്ടുയര്ത്തിയെന്നതാണ് വസ്തുത. മണ്ഡലത്തില്‍ ആശ്വാസജയം നേടിയ എകെഎം അഷ്റഫിന്റെ സ്വന്തം പഞ്ചായത്തായ മഞ്ചേശ്വരത്ത് മാത്രം ഭൂപിപക്ഷത്തില് 1086 വോട്ടുകളുടെ ഇടിവുണ്ടായി.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എംസി കമറുദ്ദീന് 3903 അധിക വോട്ടുകള്‍ ലഭിച്ച പഞ്ചായത്തില്‍ ഇത്തവണ അഷ്റഫിന് 2817 വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് കണക്കുകള്‍. കുറഞ്ഞത് മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലുമുണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷ വെച്ച പഞ്ചായത്തിലെ മാത്രം കണക്കാണിത്. എന്തായാലും ഭൂരിപക്ഷം ആറായിരത്തിലധം കടക്കുമെന്ന് പ്രതീകിഷിക്കപ്പെട്ട മംഗള്‍പാടി പഞ്ചായത്തിലും 5501 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത്. 2020ലെ ഉപതെരഞ്ഞെടുപ്പില്‍ ഇത് 6577 ആയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ 6090 വോട്ടുകള്‍ ലഭിച്ച വൊര്‍ക്കാടി പഞ്ചായത്തിലും ഇത്തവണ 5366 വോട്ടുകളില്‍ ഒതുങ്ങി. എന്നാല്‍ എല്‍ഡിഎഫ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തുന്ന കാഴ്ച്ചയാണ് ഈ പഞ്ചായത്തുകളില്‍ കാണാനായത്. അതിനാല്‍ സുരേന്ദ്രന് യുഡിഎഫ് സ്ഥാനാര്ഥിയ്ക്കുമുന്നില് ഉയര്‍ത്തിയത് കനത്ത വെല്ലുവിളിയാണ്.
അതേസമയം ബിജെപിയുടെ കനത്ത പരാജയത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ കെ സുരേന്ദ്രന് കേന്ദ്രനേതൃത്വത്തെ സന്നദ്ധത അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന് കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മറുപടി. താന്‍ എന്തും താങ്ങാന്‍ തയ്യാറാണെന്നും കേന്ദ്രനേതൃത്വത്തിന് തീരുമാനം എടുക്കാമെന്നും സുരേന്ദ്രന് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.