‘ബിജെപിയ്ക്കതിരെ വര്‍ഗ്ഗീയ ഏകീകരണം നടന്നു, ഞങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച യുഡിഎഫിന്റെ കഥ കഴിഞ്ഞു’; എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നുവെന്ന് കെ സുരേന്ദ്രന്
വോട്ട് വിഹിതത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ബിജെപിയ്ക്ക് കേരളത്തിലുണ്ടായതെന്നും പാലക്കാടും പന്തളത്തും പാര്‍ട്ടിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായെന്നും സുരേന്ദ്രന് വിശദീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയ്ക്ക് ഭരണം നല്കാതിരിക്കാന് എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപിയ്ക്കെതിരെ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയ ധ്രുവീകരണം നടന്നുവെന്നും ഇതിന്റെ വലിയ പ്രത്യാഘാതം സംസ്ഥാനം നേരിടേണ്ടി വരുമെന്നും സുരേന്ദ്രന് ആരോപിച്ചു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിലാകെ 35 ലക്ഷത്തില്‍പ്പരം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചുവെന്ന് കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സുരേന്ദ്രന് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വോട്ട് വിഹിതത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ബിജെപിയ്ക്ക് കേരളത്തിലുണ്ടായതെന്നും പാലക്കാടും പന്തളത്തും പാര്‍ട്ടിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായെന്നും സുരേന്ദ്രന് വിശദീകരിച്ചു.
എല്‍ഡിഎഫുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചുക്കാന്‍ പിടിച്ചചെന്നും സുരേന്ദ്രന് ആഞ്ഞടിച്ചു. ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ത്തന്നെ എല്‍ഡിഎഫ്- യുഡിഎഫ് ധാരണ രൂപപ്പെട്ടു. പ്രതിപക്ഷത്തിരുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചെന്നിത്തലയ്ക്ക് ഇത് ഒഴിവാക്കി സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനുള്ള ആര്‍ജവമുണ്ടാകുമോ എന്നും കെ സുരേന്ദ്രന് വെല്ലുവിളിച്ചു. ചെന്നിത്തലയുടെ ആലപ്പുഴ ജില്ലയില്‍ ധാരണ രൂപം കൊണ്ട കോടംതുരുത്ത്, പാണ്ടനാട് മുതലായ പഞ്ചായത്തുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.
ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ പോലുള്ള മുസ്ലീം ഭീകരവാദികളുമായി വരെ ഇടതു വലതുമുന്നണികള്‍ കൂട്ടുകൂടി എന്നും സുരേന്ദ്രന് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ‘രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും യുഡിഎഫിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടതില്‍ ദുഃഖമില്ല. പക്ഷേ മുസ്ലീം ഭീകരവാദികളുമായി ചേര്‍ന്ന് ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താനാണ് പലയിടത്തും ശ്രമമുണ്ടാകുന്നത്. ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഈ നടപടിയില്‍ നിന്ന് യുഡിഎഫ് പിന്മാറണം. ഇത്തരത്തില്‍ ഒത്തുകളിക്കാനാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്? തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അത്തരത്തിലൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചാല്‍ മതിയായിരുന്നല്ലോ’. സുരേന്ദ്രന് പറഞ്ഞു.
- TAGS:
- BJP Kerala
- K Surendran