‘ബിജെപിക്കെതിരെ ഇല്ലാത്ത കുഴല്‍പ്പണ കേസ് ചമച്ചവരുടെ തനിസ്വരൂപം ഇപ്പോള്‍ പുറത്തുവന്നല്ലോ’; സിപിഐഎമ്മിന് രക്ഷപ്പെടാനാകില്ലെന്ന് സുരേന്ദ്രന്
കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഐഎമ്മിന്റെ ധര്‍ണ്ണയിലും പദയാത്രയിലുമെല്ലാം പങ്കെടുക്കുന്നതും നടത്തുന്നതും കള്ളക്കടത്തുകാര്‍ തന്നെയാണ്. കള്ളക്കടത്തുകാരെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന് ആക്ഷേപിച്ചു.
29 Jun 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തില്‍ നടക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയായി സിപിഐഎം അധപതിച്ചെന്ന് ബിജെപി സസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കള്ളക്കടത്ത് കേസിന്റെ അടിവേര് നീളുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേന്ദ്രന് ആരോപിച്ചു.ക്വട്ടേഷന്‍ ടീമുകളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറിയെന്നതിന്റെ വലിയ ഉദാഹരണമാണ് രാമനാട്ടുകരയില്‍ നടന്ന സംഭവമെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിക്കെതിരെ ഇല്ലാത്ത കുഴല്‍പ്പണക്കേസ് ചമച്ചവരുടെ തനിസ്വരൂപം ഇപ്പോള്‍ പുറത്തുവന്നെന്നും അദ്ദേഹം തിരിച്ചടിച്ചു.
കേസിലുള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കൊണ്ടുമാത്രം സിപിഐഎമ്മിന് രക്ഷപ്പെടാനാകില്ലെന്നാണ് സുരേന്ദ്രന് പറയുന്നത്. കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഐഎമ്മിന്റെ ധര്‍ണ്ണയിലും പദയാത്രയിലുമെല്ലാം പങ്കെടുക്കുന്നതും നടത്തുന്നതും കള്ളക്കടത്തുകാര്‍ തന്നെയാണ്. കള്ളക്കടത്തുകാരെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന് ആക്ഷേപിച്ചു. ബിജെപി സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ രാമനാട്ടുകര സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ എന്‍ഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ശിഹാബിന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്ത ബന്ധമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനുമായി ശിഹാബ് വേദി പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശിഹാബിനെ അറസ്റ്റ് ചെയ്യുന്നത്. ശിഹാബിന് ബിജെപി സംരക്ഷണം ഒരുക്കിയോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
നേരത്തെ പൊട്ടിക്കല്‍ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ബിജെപിയുമായി അടുത്ത ബന്ധം ശിഹാബ് സൂക്ഷിച്ചിരുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എപി അബ്ദുള്ളകുട്ടിക്ക് വേണ്ടി സജീവമായിരുന്നു ശിഹാബ്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ട് ഇയാള്‍ കൈകാര്യം ചെയ്തിരുന്നുവെന്നുവെന്നാണ് അഭ്യൂഹം. പാര്‍ട്ടി പ്രചരണത്തിനായി ഇയാള്‍ സ്വന്തം പണം ചിലവഴിച്ചിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.