Top

‘പണം ഡിജിറ്റലായിട്ടാണ് കൈമാറിയത്, അപകീര്‍ത്തിപെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കും’: കെ സുരേന്ദ്രന്‍

കൊടകര കള്ളപണ കവര്‍ച്ചകേസില്‍ ബിജെപി ബന്ധം ഉണ്ടെന്ന ആരോപണം തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ ചെലവിനുള്ള പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗം വഴിയാണെന്നും അല്ലാതെയുള്ള യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ബിജെപിക്ക് ഇക്കാര്യവുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടി ഇത്തവണ ഡിജിറ്റലായിട്ടാണ് പണം കൈമാറിയത്. ഒരുരൂപ പോലും കൈയ്യില്‍ നല്‍കിയിട്ടില്ല. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ മാര്‍ഗം വഴിയാണ് പണം വിതരണം ചെയ്തത്. എല്‍ഡിഎഫും യുഡിഎഫും എങ്ങനെയാണ് പണം കൈമാറിയതെന്നാണ് അന്വേഷിക്കേണ്ടത്. […]

28 April 2021 4:25 AM GMT

‘പണം ഡിജിറ്റലായിട്ടാണ് കൈമാറിയത്, അപകീര്‍ത്തിപെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കും’: കെ സുരേന്ദ്രന്‍
X

കൊടകര കള്ളപണ കവര്‍ച്ചകേസില്‍ ബിജെപി ബന്ധം ഉണ്ടെന്ന ആരോപണം തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ ചെലവിനുള്ള പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗം വഴിയാണെന്നും അല്ലാതെയുള്ള യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ബിജെപിക്ക് ഇക്കാര്യവുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടി ഇത്തവണ ഡിജിറ്റലായിട്ടാണ് പണം കൈമാറിയത്. ഒരുരൂപ പോലും കൈയ്യില്‍ നല്‍കിയിട്ടില്ല. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ മാര്‍ഗം വഴിയാണ് പണം വിതരണം ചെയ്തത്. എല്‍ഡിഎഫും യുഡിഎഫും എങ്ങനെയാണ് പണം കൈമാറിയതെന്നാണ് അന്വേഷിക്കേണ്ടത്. എല്ലാ മാധ്യമങ്ങളോടുമായി ഒരു കാര്യം പറയട്ടേ, അനാവശ്യമായി ഇക്കാര്യത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ഇതേ വിഷയത്തില്‍ സുരേന്ദ്രന്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ദേശീയപാര്‍ട്ടിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന വാര്‍ത്ത വായിച്ചിരുന്നു. അത് ഏത് ദേശീയപാര്‍ട്ടിയാണെന്ന് നിങ്ങള്‍ പറ. ബിജെപിക്ക് പണം നഷ്ടപ്പെട്ടിട്ടില്ലായെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനിടെ ഒരു ദേശീയ പാര്‍ട്ടി, തങ്ങളുടെ തൃശൂരിലെ പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എത്തിച്ച മൂന്നര കോടി രൂപ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഈ ദേശീയ പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ അറിവോടെയാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ട വ്യക്തി എറണാകുളത്തേക്ക് ഭൂമിയിടപാടിനായി കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വാഹനം കണ്ടെത്തിയെങ്കിലും പണത്തെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുക 25 ലക്ഷം അല്ലെന്നും 3.5 കോടിയാണെന്നും അറിയുന്നത്.

ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്. കോഴിക്കോട്ടു നിന്നും തൃശൂരില്‍ പണവുമായി എത്തിയ വാഹനം അവിടെ പണം എടുക്കാതെ എറണാകുളത്തേക്ക് വിടുകയായിരുന്നു. എറണാകുളത്ത് പണം നല്‍കിയാല്‍ മതിയെന്ന് തൃശൂരിലെ ജില്ലാ ഭാരവാഹിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാഹനം എറണാകുളത്തേക്ക് തിരിച്ചത്. എന്നാല്‍ ഈ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്തുടരുന്ന വാഹനത്തിന്റെ ചിത്രം പതിഞ്ഞിരുന്നു. തുടര്‍ന്ന് കൊടകര മേല്‍പ്പാലം പിന്നിട്ടതോടെ പിന്നാലെയെത്തിയ വാഹനം മുമ്പില്‍ പണവുമായി പോയ വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പണമടങ്ങിയ വാഹനവുമായി രക്ഷപ്പെടുകായിരുന്നു.

തൃശൂരില്‍ ശക്തമായ മത്സരം നേടിരുന്ന സ്ഥാനാര്‍ത്ഥിക്ക് അവസാന ദിവസങ്ങളില്‍ ചെലവഴിക്കാനാണ് പണം എത്തിച്ചത്. പണം കിട്ടാതായതോടെ സ്ഥാനാര്‍ത്ഥി കടുത്ത പ്രതിസന്ധി അവസാന ദിവസങ്ങളില്‍ നേരിട്ടിരുന്നു. ഈ പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് പണം കൈവശപ്പെടുത്തിതെന്നാണ് സംശയം.

Next Story