‘തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ ജേക്കബ് തോമസിനെ ചുമതലപ്പെടുത്തിയിട്ടില്ല’; മാധ്യമങ്ങള്‍ സൃഷ്ടിച്ച കള്ളവാര്‍ത്തയെന്ന് സുരേന്ദ്രന്
സിവി ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജ വാര്‍ത്ത മാത്രമാണെന്നാണ് സുരേന്ദ്രന് പറയുന്നത്.
13 Jun 2021 12:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രനേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിവി ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജ വാര്‍ത്ത മാത്രമാണെന്നാണ് സുരേന്ദ്രന് പറയുന്നത്. ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നതിനാല് തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വാസ്തവവിരുദ്ധമാണെന്ന് സുരേന്ദ്രന് ദില്ലിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള് മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്ട്ടിലുണ്ടായിരുന്നെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്പര്യങ്ങള്ക്ക് അതീതമാവരുതെന്നും ജേക്കബ് തോമസ് വിലയിരുത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
വിവാദങ്ങള്‍ക്കിടെ ദേശീയ നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് ഇന്ന് കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ അഞ്ച് ദിവസമായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനാവാതെയാണ് സുരേന്ദ്രന് മടങ്ങുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെയുമാണ് കാണാനായത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. എന്നാലും സുരേന്ദ്രന്റെ വിഷയത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് ജെപി നദ്ദ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കിയത്.
പിണറായി വിജയന് സര്‍ക്കാര്‍ ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന് പ്രതികരിച്ചത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വം താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.