KERALA ELECTION 2021

കോന്നിയില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്ന് സുരേന്ദ്രന്‍; ‘നേമം പോയി, എന്ത് വേണമെങ്കിലും തീരുമാനിക്കാമെന്ന് പറഞ്ഞിട്ടുണ്ട്’

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ തന്റെ ആഗ്രഹമെന്നും അത് നേരത്തെ തുറന്നു പറഞ്ഞതാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുരേന്ദ്രന്റ വാക്കുകള്‍: ”രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ എന്റെ ആഗ്രഹം, അത് ഞാന്‍ തുറന്നു പറഞ്ഞതാണ്. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചത് കൊണ്ട് സംസ്ഥാനത്തെ ആകെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കരുതുന്നില്ല. ചിലപ്പോള്‍ രണ്ടിടത്ത് മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്ന് വിലയിരുത്തുന്നവരുണ്ട്. ഇങ്ങനെ കരുതുന്നവരോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ല.”

പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ”കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തില്‍ നടപടികള്‍ സ്വീകരിക്കും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ട്ടി തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.”സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫും ബിജെപിയും വോട്ടു കച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ: ”പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി സംസാരിക്കണം. ബാലിശമായ ആരോപണമാണ് വോട്ടുകച്ചവടം എന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകള്‍ കുറഞ്ഞത് വോട്ടുകച്ചവടമാണെങ്കില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് എട്ടു ശതമാനം വോട്ട് കുറഞ്ഞത് വോട്ടുകച്ചവടം നടത്തിയിട്ട് ആണോ. പാലക്കാട് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ 2500 വോട്ടു കുറഞ്ഞിട്ടുണ്ട്. ഇത് വോട്ട് കച്ചവടമായിരുന്നോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് 5000ത്തിലേറേ വോട്ടുകള്‍ നഷ്ടമായി. തൃപ്പൂണിത്തുറ, കുണ്ടറ മണ്ഡലങ്ങളിലും സിപിഐഎമ്മിന് വോട്ടു കുറഞ്ഞു. ഈ വോട്ടുകള്‍ വിറ്റ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ? ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി ചരിത്രം കൂടി പിണറായി നോക്കണം. ലീഗ് മത്സരിക്കാത്ത സ്ഥലത്തെ മുസ്ലീംവോട്ടുകളും സിപിഐഎമ്മിന് പോയി. എസ്ഡിപിഐ അടക്കമുള്ളവര്‍ സിപിഐഎമ്മിന് വോട്ടു ചെയ്തു. മഞ്ചേശ്വരത്തും പാലക്കാടും കല്‍പ്പറ്റയിലും ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നത്തിയത് യുഡിഎഫ് മാത്രമല്ല. ഈ തെരഞ്ഞെടുപ്പില്‍ നടന്നത് ശക്തമായ വര്‍ഗീയധ്രുവീകരണമാണ്. ”

Covid 19 updates

Latest News