Top

സിപിഎഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വ്വകലാശാലകളില്‍ സംവരണമെന്ന് കെ സുരേന്ദ്രന്‍; ഒ രാജഗോപാലിന്റെ ഉപവാസസമരം ആരംഭിച്ചു

കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ തങ്ങളുടേതാക്കി സംസ്ഥാനസര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

11 Feb 2021 3:10 AM GMT

സിപിഎഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വ്വകലാശാലകളില്‍ സംവരണമെന്ന് കെ സുരേന്ദ്രന്‍; ഒ രാജഗോപാലിന്റെ ഉപവാസസമരം ആരംഭിച്ചു
X

സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വ്വകലാശാലകളില്‍ സംവരണമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നുവെന്നാരോപിച്ച് ഒ രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസസമരം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ തങ്ങളുടേതാക്കി സംസ്ഥാനസര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്രഫണ്ട് പലതും സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ പാളിയപ്പോള്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട് രക്ഷപ്പെടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യാഗം മുടക്കുന്ന രാക്ഷസന്മാരെപ്പോലെയാണ് ബി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പെരുമാറുന്നത്. നേമത്ത് വികസനം നടത്താന്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്. വികസനപ്രവര്‍ത്തനങ്ങളെ വഴിമുടക്കുന്ന സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ഒ രാജഗോപാലിന്റെ നിരാഹാരസമരമെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എത്രതന്നെ മലക്കം മറിഞ്ഞാലും ഇവിടുത്തെ വിശ്വാസി സമൂഹത്തോട് സര്‍ക്കാര്‍ ചെയ്തത് അവര്‍ മറക്കാന്‍ തയ്യാറല്ല. ദേവസ്വം ബോര്‍ഡില്‍ നടക്കുന്നത് വന്‍ കൊള്ളയാണ്. ഇന്നലെ ശബരിമലയിലെ ആക്രിസാധനങ്ങള്‍ കൊണ്ടുപോകാന്‍ കരാര്‍ ഏറ്റെടുത്ത ഏജന്‍സിയ്ക്ക് പല വിലപിടിപ്പുളള സാധനങ്ങള്‍ അനധികൃതമായി വിറ്റതായും സുരേന്ദ്രന്‍ ആരോപണമുയര്‍ത്തി. ഇത് വിശ്വാസി സമൂഹത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story