Top

‘സര്‍ക്കാരിന് മധുവിധു ആഘോഷിക്കാന്‍ സാധിച്ചില്ല’; കാലാവധി തീരുന്നെന്ന് സുരേന്ദ്രന്‍

ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലുള്ള ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് നേരിടേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇന്നലെ നേരിട്ടത് കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്ന് നിയമസഭയെ കളങ്കപ്പെടുത്തിയ ജനപ്രതിനിധികള്‍ പലരുമിന്ന് മന്ത്രിമാരാണ്. ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ വിശ്വരൂപം അന്ന് കണ്ടതാണ്. കണ്ടാമൃഗത്തിന്റെതു പോലുള്ള കരുത്തുമായി വന്ന ഇപി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തിയ പേക്കൂത്ത് മലയാളികളെ നാണം കെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലാവധി തീരുന്നെന്നും സന്തോഷത്തോടെ […]

6 July 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സര്‍ക്കാരിന് മധുവിധു ആഘോഷിക്കാന്‍ സാധിച്ചില്ല’; കാലാവധി തീരുന്നെന്ന് സുരേന്ദ്രന്‍
X

ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലുള്ള ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് നേരിടേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇന്നലെ നേരിട്ടത് കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്ന് നിയമസഭയെ കളങ്കപ്പെടുത്തിയ ജനപ്രതിനിധികള്‍ പലരുമിന്ന് മന്ത്രിമാരാണ്. ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ വിശ്വരൂപം അന്ന് കണ്ടതാണ്. കണ്ടാമൃഗത്തിന്റെതു പോലുള്ള കരുത്തുമായി വന്ന ഇപി ജയരാജന്‍ അടക്കമുള്ളവര്‍ നടത്തിയ പേക്കൂത്ത് മലയാളികളെ നാണം കെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലാവധി തീരുന്നെന്നും സന്തോഷത്തോടെ മധുവിധു ആഘോഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കേസില്‍ കെ. എം മാണിയെ കുറച്ച് നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് നേരും നെറിയുമില്ലാ എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണിക്ക് മനസാക്ഷിയുണ്ടെങ്കില്‍ എങ്ങനെ എല്‍ഡിഎഫില്‍ തുടരാന്‍ സാധിക്കുമെന്നും അന്ന് ബജറ്റ് പ്രസംഗം ചുരുക്കി പോയില്ലെങ്കില്‍ കെഎം മാണിയെ കായികമായി ഇവര്‍ ആക്രമിക്കുമായിരുന്നെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍ രംഗത്തെത്തി. സുപ്രീംകോടതിയില്‍ കെഎം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫെന്നും അവരെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എ വിജയരാഘവന്‍ പറഞ്ഞത്: ”കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്താ നിര്‍മാണ കേന്ദ്രങ്ങളായി മാറുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. കെ എം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്ന വിഷയങ്ങളില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫ്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത്. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. നല്ല നിലയിലാണ് മുന്നണിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്.”

Next Story