Top

‘പെട്രോള്‍ വില കുറയ്ക്കാന്‍ ഒരു വഴിയുണ്ട്, അത് നടപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം’; പൊട്ടിച്ചിരിയോടെ ആ വഴി പറഞ്ഞ് സുരേന്ദ്രന്‍

. ഒന്‍പത് സംസ്ഥാനങ്ങളാണ് ഇടഞ്ഞുനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടാണെന്നും കേരളമാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.

11 July 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പെട്രോള്‍ വില കുറയ്ക്കാന്‍ ഒരു വഴിയുണ്ട്, അത് നടപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം’; പൊട്ടിച്ചിരിയോടെ ആ വഴി പറഞ്ഞ് സുരേന്ദ്രന്‍
X

പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നതിന് ഇപ്പോള്‍ ഒരേയൊരു മാര്‍ഗമേ അവശേഷിക്കുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ധന വില ജിസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജിസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശമാണ് മുന്നിലുള്ള ഏക മാര്‍ഗ്ഗമായി സുരേന്ദ്രന്‍ പറയുന്നത്. അതിനായി സംസ്ഥാനസര്‍ക്കാരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി അധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഒന്‍പത് സംസ്ഥാനങ്ങളാണ് ഇടഞ്ഞുനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടാണെന്നും കേരളമാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു. മാധ്യമങ്ങള്‍ പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കുമെന്ന് പൊട്ടിച്ചിരിയോടെ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതുകൊണ്ട് അവര്‍ ചെയ്ത മോശം കാര്യങ്ങള്‍ ഇല്ലാതായിപ്പോകുന്നില്ലെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിനിടെ ഓര്‍മ്മിപ്പിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ ഈ മാസം 14 ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് സുരേന്ദ്രന്‍ മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജൂലൈ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തൃശ്ശൂര്‍ പൊലീസ് ക്ലബിലെത്തണമെന്നായിരുന്നു കെ സുരേന്ദ്രന് നല്‍കിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ആ ദിവസം ബിജെപി നേതൃ യോഗം ചേരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് പോകില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുന്‍പ് പ്രതികരിച്ചിരുന്നത്. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ ചോദ്യം ചെയ്യലിലിനോട് സഹകരിക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ബുധനാഴ്ച പൊലീസിനുമുന്നില്‍ ഹാജരാകാനുള്ള തീരുമാനമെന്നാണ് സൂചന.

Next Story