Top

‘എസ് വി പ്രദീപ് അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകന്‍’; മരണത്തില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഒരേദിശയില്‍ നിന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തു കൊണ്ടെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. ‘ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന […]

14 Dec 2020 9:00 AM GMT

‘എസ് വി പ്രദീപ് അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകന്‍’; മരണത്തില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്‍
X

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഒരേദിശയില്‍ നിന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തു കൊണ്ടെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.

‘ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു,’ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എസ് വി പ്രദീപിന്റെ മരണത്തില്‍ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്ത് വെച്ച് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇതുവരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയ് ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഭാരത് ലൈവ് എഡിറ്റോറിയല്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഹെറാള്‍ഡ് ന്യൂസ് ടി വി, വെബ് ദുനിയ മലയാളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

Next Story