Top

‘കുഴല്‍പ്പണക്കടത്ത് എന്ന കേസേയില്ല,എന്നെ തൂക്കിക്കൊല്ലട്ടെ, ജയിലിലടച്ചോട്ടെ’; ബിജെപിയുടെ പങ്ക് വീണ്ടും നിഷേധിച്ച് സുരേന്ദ്രന്‍

കേരളത്തില്‍ വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം ചൂണ്ടി സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സുരേന്ദ്രന്‍ ഉയര്‍ത്തിയത്.

28 Jun 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുഴല്‍പ്പണക്കടത്ത് എന്ന കേസേയില്ല,എന്നെ തൂക്കിക്കൊല്ലട്ടെ, ജയിലിലടച്ചോട്ടെ’; ബിജെപിയുടെ പങ്ക് വീണ്ടും നിഷേധിച്ച് സുരേന്ദ്രന്‍
X

കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഴല്‍പ്പണം കടത്തി എന്നൊരു കേസ് തങ്ങള്‍ക്കെതിരെയില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും തൂക്കിക്കൊലയ്ക്ക് വിധേയനാകാനും തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കേരളത്തില്‍ വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം ചൂണ്ടി സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സുരേന്ദ്രന്‍ ഉയര്‍ത്തിയത്. ഡിജിപി ഇപ്പോള്‍ തുറന്നുപറഞ്ഞ കാര്യം വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എസ്‌ഐ ഷാജഹാന്‍ മതഭീകരവാദ സംഘടനകള്‍ക്ക് ഇ മെയില്‍ ചോര്‍ത്തി നല്‍കി. എന്നിട്ടും ഇയാളെ പിണറായി സര്‍ക്കാര്‍ തിരികെ എടുത്തു. കേരളത്തില്‍ നിന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബിജെപി ആദ്യം മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് സേനയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വസ്തുതാ വിരുദ്ധമാണ് ഇടത് പക്ഷ നിലപാട്. കേരളത്തിലെ അവസ്ഥ ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞ ഡിജിപിയെ അഭിനന്ദിക്കുന്നു. സര്‍വ്വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ലൗ ജിഹാദ് ലക്ഷ്യത്തോടെയാണ്. 1402 വിദ്യാര്‍ത്ഥികള്‍ സിറിയയില്‍ നിന്ന് വരുന്നത് അസ്വഭാവികമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇടതുപക്ഷം ഇതെല്ലാം കണ്ടിലെന്ന് നടിക്കുന്നുവെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. പെട്രോള്‍ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നാണ് ബിജെപിയുടെ വാദം. ഇതിനെതിരെ ബിജെപി വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Next Story