‘ഇവിടെ വാക്സിനേഷന് നടക്കുന്ന ഒച്ചിഴയുന്ന വേഗത്തില്‍, കേരളം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കണം’; സര്‍വ്വകക്ഷിയോഗത്തില്‍ കെ സുരേന്ദ്രന് പറഞ്ഞത്
മറ്റുസംസ്ഥാനങ്ങള്‍ വളരെ ചടുലമായി വാക്സിന് ബുക്ക് ചെയ്യുന്നുവെന്ന് പറഞ്ഞ സുരേന്ദ്രന് കേരളത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കടുത്ത അലംഭാവമാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ചു.

കേരളത്തിന്റെ വാക്സിനേഷന് പ്രക്രിയയ്ക്കുനേരെ സര്‍വ്വകക്ഷി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ വാക്സിനേഷന് പ്രക്രിയ നടക്കുന്നത് ഒച്ചിഴയുന്നതുപോലെ വളരെ പതുക്കെയാണെന്നും സംസ്ഥാനം ഈ പ്രക്രിയയുടെ വേഗത കൂട്ടാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സുരേന്ദ്രന് സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. വാകിസിന്റെ പേരില്‍ അനാവശ്യമായി ഭീതി പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സുരേന്ദ്രന് പറഞ്ഞു.
മറ്റുസംസ്ഥാനങ്ങള്‍ വളരെ ചടുലമായി വാക്സിന് ബുക്ക് ചെയ്യുന്നുവെന്ന് പറഞ്ഞ സുരേന്ദ്രന് കേരളത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കടുത്ത അലംഭാവമാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ചു. എത്രയും പെട്ടെന്ന് വാക്സിന് ബുക്ക് ചെയ്യാന്‍ സംസ്ഥാനം തയ്യാറാകണം. കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറന്ന് വാക്സിനേഷന് പ്രക്രിയയ്ക്കുണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
കടകള്‍ രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇത് ഒന്‍പത് മണിവരെ നീട്ടാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കൊവിഡ് അടിയന്തര സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ നിര്‍ദ്ദേശം പിന്നീട് എല്ലാവരും അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചെടുത്ത സുപ്രധാന തീരുമാനം. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
80 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന് വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ആദിവാസി മേഖലകളില്‍ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ജില്ലകളിലെ നിയന്ത്രണങ്ങള്‍ക്ക് പൊതുസ്വഭാവമായിരിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനമെടുക്കാം. വാക്സിന്റെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ പഴിചാരരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞു.