‘കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ’; പിണറായി-സുധാകരന്‍ വാക്ക്‌പോര് മരംമുറി മറയ്ക്കാനെന്ന് സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ നടത്തുന്ന വാക്ക്‌പോര് മരംമുറി മറയ്ക്കാനുള്ള കൗശലമെന്ന് സൂചിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുനേതാക്കളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മാധ്യമങ്ങളെല്ലാം ഒരാഴ്ചക്കാലത്തേക്ക് അതിന് പിന്നാലെ പോകുമെന്നും മുട്ടില്‍ മരംമുറി കേസ് മറയ്ക്കപ്പെടുമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ മറ്റേത് കൂട്ടുകെട്ടിന് കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഗോളാന്തരവാര്‍ത്തകള്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ കാരക്കൂട്ടില്‍ ദാസനേയും കണ്‍കെട്ടില്‍ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവെന്ന കഥാപാത്രത്തേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരിഹാസം. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെയെന്ന് സുരേന്ദ്രന്‍ ആക്ഷേപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന്‌ നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….

Covid 19 updates

Latest News