‘ഇല്ലില്ല… സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’; രഹസ്യമൊഴിയിലുള്ളത് മാസങ്ങള്‍ക്ക് മുമ്പ് ആരോപണമായി ഉന്നയിച്ചത് വിഴുങ്ങി കെ സുരേന്ദ്രന്

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം വിഴുങ്ങി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും നാല് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സുരേന്ദ്രന് നല്കിയ മറുപടി. കസ്റ്റംസ് നോട്ടീസ് അയക്കുന്നതിന് മുമ്പ് തന്നെ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന് താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നാണ് സുരേന്ദ്രന് പ്രതികരിച്ചത്.
‘മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിഷയത്തില്‍ പങ്കുണ്ടെന്ന കാര്യം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞത്. താങ്കള്‍ക്കും അപ്പോഴാണോ വിവരം ലഭിച്ചത്? അതോ അതിന് മുമ്പേ കസ്റ്റംസുമായി ബന്ധപ്പെട്ട് വിവരം അറിയുമായിരുന്നോ?’, മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം ഇങ്ങനെ. ഇതിന് ‘എനിക്കെങ്ങനെ അറിയാനാണ്. നിങ്ങള്‍ മാധ്യമങ്ങളല്ലേ റിപ്പോര്‍ട്ട് ചെയ്തത്’, എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക, ‘താങ്കള്‍ ഡിസംബര്‍ നാലാം തിയതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാല് മന്ത്രിമാരും സ്പീക്കറുമാണ് സ്വര്‍ണ കടത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്തതെന്ന് ആരോപിച്ചിരുന്നല്ലോ’, എന്ന ചോദ്യമുന്നയിച്ചു. ഇത് പാടേ നിഷേധിച്ച സുരേന്ദ്രന് ഇത്തരം കാര്യങ്ങള്‍ സിപിഐഎമ്മിന്റെ പ്രചാരണം മാത്രമാണെന്നും വാദിച്ചു. ‘എന്റെ ആരോപണം…. ഞാന്‍ ഇതിന് മുമ്പ് പലതും ആരോപിച്ചിട്ടുണ്ടല്ലോ. ഇതെല്ലാം സിപിഐഎമ്മിന്റെ പ്രചരണമാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’
‘അല്ല. ഞാന്‍ ഉണ്ടായിരുന്ന വാര്‍ത്താ സമ്മേളനത്തിലാണ് താങ്കള്‍ അത്തരമൊരു ആരോപണം നടത്തിയത്’, എന്നായി ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക. അതിന് ‘അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ല സഹോദരീ. കാരണം, സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് തെളിഞ്ഞുവരികയാണല്ലോ’ എന്ന് സുരേന്ദ്രന്റെ മറുപടി..
നാല് മന്ത്രിമാരെന്ന് താങ്കള്‍ എടുത്തുപറഞ്ഞിരുന്നെന്ന് മാധ്യമപ്രവര്‍ത്തക ഓര്‍മ്മിപ്പിച്ചു. നാല് മന്ത്രിമാരുണ്ടോ ഇപ്പോള്‍ എന്ന മറുചോദ്യത്തിലേക്ക് സുരേന്ദ്രന് കടന്നു. നാലാമത്തെ മന്ത്രി ആരാണെന്ന് താങ്കള്‍ പറഞ്ഞാല്‍ മതിയെന്ന വാദവും മുന്നോട്ടുവെച്ചു. ഇതിന് ‘എനിക്കറിയില്ല. ഞാനല്ലല്ലോ ആരോപണമുന്നയിച്ചത്’ എന്ന് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. എനിക്കും അറിയില്ല എന്നായിരുന്നു സുരേന്ദ്രന്റെ ഉത്തരം.
നാല് മന്ത്രിമാരും നിയമസഭാ സ്പീക്കറും സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ഇടപെട്ടെന്നായിരുന്നു ഡിസംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന് ആരോപിച്ചത്. സുരേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്തിയതിന്് ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസയച്ചത്. ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ വിമര്ശനങ്ങളുയര്ന്നിരുന്ന.ു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചെന്ന് സിപിഐഎം നേതാക്കളടക്കം ചോദിച്ചിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിലാണ് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന സുരേന്ദ്രന്റെ മറുപടി.