‘കേരളം അധോലോക സംഘങ്ങളുടെ സുരക്ഷിത താവളം’; രാമനാട്ടുകര സംഘത്തിന് സിപിഐഎം, ലീഗ്, എസ്ഡിപിഐ ബന്ധമെന്ന് സുരേന്ദ്രന്
കോഴിക്കോട്: കേരളം അധോലോക സംഘങ്ങളുടെയും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണ് ഇന്ന കാണുന്നത്. രാമനാട്ടുകര സംഭവം അതാണ് തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന് കോഴിക്കോട് പറഞ്ഞു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. കള്ളക്കടത്ത്-അധോലോക സംഘങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ പരിരക്ഷ കിട്ടുന്നുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു. രാമനാട്ടുകര […]
22 Jun 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കേരളം അധോലോക സംഘങ്ങളുടെയും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പരാജയമാണ് ഇന്ന കാണുന്നത്. രാമനാട്ടുകര സംഭവം അതാണ് തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന് കോഴിക്കോട് പറഞ്ഞു.
സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. കള്ളക്കടത്ത്-അധോലോക സംഘങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ പരിരക്ഷ കിട്ടുന്നുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
രാമനാട്ടുകര സംഭവത്തിലെ അക്രമസംഘങ്ങള്ക്ക് സിപിഐഎമ്മുമായും, മുസ്ലിം ലീഗുമായും, എസ്ഡിപിഐയുമായും ബന്ധമുണ്ട്. ഗുണ്ടാസംഘങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കപ്പെടണം. കണ്ണൂരുനിന്ന് വന്ന അക്രമിസംഘത്തിന് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി വന്ന സംഘത്തിനും കൃത്യമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്.
കെ സുരേന്ദ്രന്
രാമനാട്ടുകര സംഭവത്തിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ഈ സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം പരിശോധിച്ച് സിപിഐഎം, മുസ്ലിം ലീഗ്, എസ്ഡിപിഐ എന്നിവര്‍ക്കുള്ള പങ്കാളിത്തം പുറത്തുകൊണ്ടുവരണമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്. സ്വപ്ന സുരേഷ് കര്‍ണാടകത്തിലേക്ക് കടന്ന പോലെ ഇവര്‍ക്കും പൊലീസ് സൗകര്യമൊരുക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് രാഷ്ട്രീയ പരിരക്ഷ എങ്ങനെ ഇവര്‍ക്ക് കിട്ടുമെന്ന് കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഒരൊറ്റ വോട്ട് പോലും കൊടുക്കാതെ എല്ലാ വോട്ടും ആരോപണവിധേയന് നല്‍കിയത് ഈ പരിരക്ഷ കാരണമാണന്ന് സുരേന്ദ്രന് പറഞ്ഞു.
പത്തനാപുരത്തും കോന്നിയിലും വര്‍ഷങ്ങളായി ഭീകരവാദ ക്യാമ്പ് നടന്നിട്ടും കേരള പൊലീസ് എന്തുകൊണ്ട് അറിഞ്ഞില്ല.തമിഴ്നാട് ക്യൂബ്രാഞ്ചും യുപി പൊലീസും എങ്ങനെയാണ് ഈ വിവരം അറിഞ്ഞ് ആയുധശേഖരം പിടികൂടിയിട്ടും കേരള പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. കൊല്ലത്ത് തീവ്രവാദ ബന്ധമുള്ള ഡിവൈഎസ്പിയെ പുറത്താക്കാതെ സ്ഥലം മാറ്റുക മാത്രം ചെയ്തത് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നു. ഈ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. മുട്ടില്‍ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവര്ക്കും അറിയാം. സിപിഐയുടെ രണ്ട് മന്ത്രിമാരെ നോക്കുകുത്തികളാക്കി അഴിമതി നടന്നു. അതിനെ മറയ്ക്കാനാണ് ബ്രണ്ണന്‍ കഥകള്‍ പറയുന്നത്. കെ സുധാകരന് വനം മന്ത്രിയായിരുന്ന സമയത്ത് വന്‍ അഴിമതി നടന്നിരുന്നു. അന്ന് സമരം ചെയ്ത വിഎസിന് എതിരായിരുന്നു സിപിഐഎമ്മിലെ കണ്ണൂര്‍ ലോബി. ഇപ്പോള്‍ വീണ്ടും നാടകം ആവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Also Read: ‘വിവാഹം കഴിഞ്ഞാല്‍ വരന് വധുവിന്റെ വീട്ടിലേക്കു വരട്ടെ’; ആചാരങ്ങളില്‍ മാറ്റം വരണമെന്ന് പികെ ശ്രീമതി