
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പിന്ശേഷം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോള്‍ പലയിടങ്ങളിലും ഇടതുവലത് ധാരണയുണ്ടായ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ഗ്രാമപഞ്ചായത്തായ തൃപെരുന്തറയില് ഇടതുവലത് ധാരണയുണ്ടായത് ചൂണ്ടിക്കാട്ടി സുരേന്ദ്രന് പരിഹാസമുന്നയിച്ചു. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന സീറ്റുകള്‍പോലും എല്‍ഡിഎഫിനെ ഏല്‍പ്പിച്ചുകൊടുക്കുകയാണ് ചെന്നിത്തലയും കൂട്ടരും ചെയ്തു വരുന്നതെന്നും സുരേന്ദ്രന് പരിഹസിച്ചു. കേരളത്തില്‍ യുഡിഎഫിന്റെ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് എല്‍ഡിഎഫിന്റെ അടിമയായി മാറിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.
‘മിസ്റ്റര്‍ ചെന്നിത്തല, നിങ്ങള്‍ യുഡിഎഫിനെ കുഴിച്ചുമൂടി. കേരളത്തില്‍ ഇരുമുന്നണികളും പരസ്പരം മത്സരിക്കുക എന്ന നിലയില്‍ നിന്ന് സീറ്റിനുവേണ്ടി പരസ്പരം ധാരണയിലെത്തുക എന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തി. പലയിടത്തും പരസ്യമായ കൂട്ടുകെട്ടുണ്ടായി. രണ്ടുകൂട്ടര്‍ക്കും യാതൊരുവിധ ധാര്‍മ്മികതയും നൈതികതയുമില്ലാതായി. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫും പോപ്പുലര്‍ഫ്രണ്ടുമായി എല്‍ഡിഎഫും രാഷ്ട്രീയ ലാഭത്തിനുവേണ്ടി കൂട്ടുകൂടി. എന്തിനാണ് കേരളത്തില്‍ രണ്ടുമുന്നണി? മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ്- സിപിഐഎം ബാന്ധവം കേരളത്തിലേക്കും വ്യാപിപ്പിച്ചുകൂടെ?’ സുരേന്ദ്രന്റെ പരിഹാസം ഇങ്ങനെ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയില്‍ എല്‍ഡിഎഫ് ഭരണത്തിലേറി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.
- TAGS:
- K Surendran
- LDF UDF