‘യോഗിയുടെ കാല് കഴുകിയ വെള്ളംകുടിക്കാനുള്ള യോഗ്യതയേ പിണറായിക്കുള്ളൂ’; കെ സുരേന്ദ്രന്‍

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാപട്യത്തിന്റേയും ഇരട്ടത്താപ്പിന്റേയും പര്യായമായി മുഖ്യമന്ത്രി മാറിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അത് ബിജെപിയും യുഡിഎഫും തമ്മിലുള്ള കളിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിയെന്ന നിലയില്‍ യുഡിഎഫും ബിജെപിയും ഇത്തരം വിഷയങ്ങളില്‍ സമാനമായിട്ടുള്ള അഭിപ്രായങ്ങള്‍ പറയും. അത് എല്ലാ കാലത്തും നടത്തുന്നതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫും ബിജെപിയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിനെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തി. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമെ പിണറായിക്കുള്ളൂവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വന്തം പരാജയം മറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുലിനെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായി വിജയനുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഐഎമ്മില്‍ ചെലവ് നടത്തുന്നത് പോലും. കോണ്‍ഗ്രസിന്റെ ഔദാര്യം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ എവിടെയായിരിക്കുമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അന്താരാഷ്ട്ര സര്‍വ്വേകള്‍ പ്രകാരം കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും ഏറ്റവും കൂടുതല്‍ അഴിമതി യുപിയിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാനത്തൊഴിലാളികളില്‍ 15 ശതമാനം ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും അതെന്തുകൊണ്ടാണെന്ന് യോഗി പറയണമെന്നും പിണറായി വിമര്‍ശിച്ചു. രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്നും ഉത്തര്‍പ്രദേശില്‍ നടന്ന കൊവിഡ് പരിശോധനകള്‍ വളരെ കുറവായിരുന്നുവെന്നും പിണറായി കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Latest News