
തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫെയിസ്ബുക്കിലായിരുന്നു പ്രതികരണം.
കെ. സുരേന്ദ്രന്റെ പോസ്റ്റ്: ഇസ്രായേലിൽ ഒരു മലയാളി നഴ്സ് തീവ്രവാദി ആക്രമത്തിൽ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികൾ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നു.
ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. പത്ത് വര്‍ഷമായി കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സൗമ്യയ്ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചിട്ടുണ്ട്.
ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതി ശൻ്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇഡ്രായേലിലാണ്, രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ സൗമ്യ നാട്ടിൽ വന്നത്. ഏക മകൻ അഡോൺ കുടുംബത്തോടൊപ്പം നാട്ടിലാണ്.
കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന് പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.