പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ചോദ്യം; എകെജി സെന്റര്‍ അയക്കുന്നത് ചോദിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകയോട് സുരേന്ദ്രനും
വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകയോട് പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പെട്രോള്‍ വില വര്‍ധനവ്, കൊടകര കള്ളപ്പണക്കേസിലെ ധര്‍മരാജന്റെ ബിജെപി ബന്ധം എന്നിവ ചോദിച്ചപ്പോള്‍ എകെജി സെന്ററില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങള്‍ വായിച്ച് ചോദ്യം ചോദിക്കരുതെന്ന മറുപടിയാണ് സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കിയത്. സുരേന്ദ്രന്റെ മറുപടി: ”ഇനി എത്ര ക്യാപ്സൂളുകള് ചോദിക്കാനുണ്ട്. വാട്സ്ആപ്പില്‍ വരുന്നത്. എകെജി സെന്ററിലെ മെസേജുകള്‍ നോക്കിയിട്ട് ചോദ്യങ്ങള്‍ ചോദിക്കരുത്.” എല്ലാ ആരോപണങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് താന്‍ […]
26 Jun 2021 5:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകയോട് പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പെട്രോള്‍ വില വര്‍ധനവ്, കൊടകര കള്ളപ്പണക്കേസിലെ ധര്‍മരാജന്റെ ബിജെപി ബന്ധം എന്നിവ ചോദിച്ചപ്പോള്‍ എകെജി സെന്ററില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങള്‍ വായിച്ച് ചോദ്യം ചോദിക്കരുതെന്ന മറുപടിയാണ് സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കിയത്.
സുരേന്ദ്രന്റെ മറുപടി: ”ഇനി എത്ര ക്യാപ്സൂളുകള് ചോദിക്കാനുണ്ട്. വാട്സ്ആപ്പില്‍ വരുന്നത്. എകെജി സെന്ററിലെ മെസേജുകള്‍ നോക്കിയിട്ട് ചോദ്യങ്ങള്‍ ചോദിക്കരുത്.” എല്ലാ ആരോപണങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് താന്‍ എന്ത് ചെയ്യാനാണെന്നും സുരേന്ദ്രന് പ്രതികരിച്ചു.
ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട പുതിയ ശബ്ദരേഖയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും സുരേന്ദ്രന് വ്യക്തമായി പ്രതികരിച്ചില്ല. അതേസമയം, സംഭാഷണം നിഷേധിച്ചിട്ടുമില്ല. എല്ലാം പൊലീസ് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് എതിരെയുള്ളത് തെളിയാത്ത കേസുകളാണെന്നും സുരേന്ദ്രന് ആരോപിച്ചു. എല്ലാ കേസുകളിലും താനാണ് പ്രതിയെന്നാണ് പറയുന്നത്. ഇനി സുകുമാരക്കുറുപ്പിന്റെ കേസും തന്റെ തലയില്‍ വെക്കട്ടെ എന്നും സുരേന്ദ്രന് പരിഹസിച്ചു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ കൊള്ളസംഘങ്ങള്‍ വളരുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്ത് സംഘവുമായി സിപിഐഎമ്മിന് അടുത്ത ബന്ധമാണെന്നും കെ സുരേന്ദ്രന് ആരോപിച്ചു. സ്വര്‍ണകള്ളക്കടത്തിലെ പണം സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഇതിനെ സാധൂകരിക്കുന്നതാണെന്നും സുരേന്ദ്രന് ആരോപിച്ചു.
വയനാട് യുവമോര്‍ച്ചയിലെ കൂട്ടരാജിയിലും സുരേന്ദ്രന് വ്യക്തമായി പ്രതികരിച്ചില്ല. ബിജെപിയിലെ ഓരോ ഘടകങ്ങളും പോഷക സംഘടനകളും തന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വയനാട്ടില്‍ ഒരു പ്രശ്നവുമില്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രന്റെ വാക്കുകള്‍: ”വയനാട്ടില്‍ ഒരു വലിയ പ്രശ്നവും നടക്കുന്നില്ല. നിങ്ങള്‍ക്കത് വലിയ പ്രശ്നമായിരിക്കും. ഞങ്ങളെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. യുവമോര്‍ച്ച വയനാട് ജില്ലാ കമ്മറ്റി പിരിച്ചു വിട്ടെങ്കില്‍ അതിന്റേതായ കാരണങ്ങളുണ്ടായിരിക്കും. സികെ ജാനു വിഷയത്തില്‍ ബിജെപിക്കുള്ളില്‍ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല. നടപടി വേറെ ഏന്തെങ്കിലും വിഷയത്തിലായിരിക്കും. അത് അന്വേഷിക്കണം. ഓരോ ഘടകങ്ങളും പോഷക സംഘടനകളും എന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നത്.”
യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ പുറത്താക്കിയതിന് പിന്നാലെ സംഘടനയിലെ നിരവധി നേതാക്കളാണ് രാജി വച്ചത്. ബത്തേരി, കല്‍പ്പറ്റ മണ്ഡലം കമ്മിറ്റികളും ഏഴ് പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെയും ലലിത് കുമാറിനെയും പുറത്താക്കിയത്.
ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുരയില്‍. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു. ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തന്‍പുര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. താന്‍ അടക്കമുള്ള യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയത് ഏകപക്ഷീയമായ രീതിയിലാണെന്ന് ലലിത് കുമാറും പ്രതികരിച്ചു. ജാനുവിന്റെ പ്രചരണത്തിന് ഗുണം കിട്ടുന്ന രീതിയില്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചില്ല. പ്രകടന പത്രിക പോലും തയ്യാറാക്കാന്‍ നേതാക്കള്‍ തുനിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്തിരുന്നെന്നും ലളിത് കുമാര്‍ പറഞ്ഞു.