
സ്വപ്ന സുരേഷ് ഇഡിയ്ക്ക് നല്കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി മൂന്ന് മാസം മുന്‍പ് ആരോപിച്ചതെല്ലാം അന്വേഷണ ഏജന്‍സിക്ക് ഇപ്പോള്‍ വ്യക്തമായി. മുഖ്യമന്ത്രി അന്ന് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചത് എന്തിനാണെന്ന് എല്ലാവര്ക്കും മനസിലായും. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സ്വപ്നയെ മുഖ്യമന്ത്രിയ്ക്ക് മുമ്പേ അറിയാമെന്ന് താന്‍ മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ ആരോപണത്തിന്റെ വീഡിയോ സുരേന്ദ്രന് പുറത്തുവിട്ടിട്ടുണ്ട്. ‘ഉണ്ടയില്ലാ വെടിയല്ല’ എന്ന തലവാചകത്തോടെയാണ് വാര്‍ത്താസമ്മേളന ശകലം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കെ സുരേന്ദ്രന് അന്ന് പറഞ്ഞത്
“നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് 2017 ആദ്യം മുതല്‍ ഈ വിവാദ നായിക സ്വപ്ന സുരേഷിനെ അറിയാം. മുഖ്യമന്ത്രിക്ക് പരിചയമുള്ള വ്യക്തിയാണ്. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല. അവര്‍ എങ്ങനെ ഇവിടെ വന്നു എന്ന് അറിയില്ല എന്ന പറയുന്നത് പച്ചക്കള്ളമാണ്. 2017 ആദ്യം മുതല്‍ക്ക് തന്നെ പിണറായി വിജയന് ഈ സ്ത്രീയെ അറിയാം. അവര്‍ തമ്മില്‍ പരിചയമുണ്ട്. അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. പല പരിപാടികളിലും അവര്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.”
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ നിയോഗിച്ചത് മുഖ്യമന്ത്രി തന്നെയാണെന്ന സ്വപ്ന സുരേഷിന്റെ മൊഴി വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ആ സ്വകാര്യകൂടിക്കാഴ്ച്ചയിലാണ് കോണ്‍സുലേറ്റ് കാര്യങ്ങള്‍ നോക്കാന്‍ മുഖ്യമന്ത്രി ശിവശങ്കറിനെ ചുമതലപ്പെടുത്തിയതെന്നും സ്വപ്ന എന്ഫോഴ്സ്മെന്റിനോട് പറഞ്ഞു.