Top

ശോഭ സുരേന്ദ്രനുമായി പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടിമാത്രമെന്ന് കെ സുരേന്ദ്രന്‍; ബിജെപി യാത്ര ഫെബ്രുവരി 20 മുതല്‍

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്താന്‍ ബിജെപി സംസ്ഥന കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട്.

29 Jan 2021 9:03 AM GMT

ശോഭ സുരേന്ദ്രനുമായി പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടിമാത്രമെന്ന് കെ സുരേന്ദ്രന്‍; ബിജെപി യാത്ര ഫെബ്രുവരി 20 മുതല്‍
X

ശോഭ സുരേന്ദ്രനുമായി പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നയിക്കുന്ന ബിജെപിയുടെ യാത്ര അടുത്തമാസം 20ന് ആരംഭിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയായിരിക്കും പാര്‍ട്ടി കളത്തിലിറക്കുകയെന്നും ബിജെപി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചു.

എല്‍ഡിഎഫും യുഡിഎഫും വര്‍ഗ്ഗീയതയെ വളര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു. യുഡിഎഫിനൊപ്പം ജമാ അത്തെ ഇസ്ലാമിയാണെങ്കില്‍ എല്‍ഡിഎഫിനൊപ്പം പോപ്പുലര്‍ ഫ്രണ്ടാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. ഇരുമുന്നണികളും വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ആശങ്കയുണ്ട്. ഈ ആശങ്ക അസ്ഥാനത്തല്ല. ക്രൈസ്തവരും ഭൂരിപക്ഷ സമുദായാംഗങ്ങളുമാണ് മുസ്ലീം തീവ്രവാദത്തിന് ഇരകളാകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്താന്‍ ബിജെപി സംസ്ഥന കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ ശോഭാ സുരേന്ദ്രന്റെ അഭാവം തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. പ്രശ്‌നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് കെ സുരേന്ദ്രന്‍ പറയുമ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം പറഞ്ഞതുപോലും വകവെയ്ക്കാതെ സംസ്ഥാന നേതൃത്വം അതിന് തടയിടുകയാണെന്നാണ് ശോഭാ സുരേന്ദ്രന്റെ പരാതി.

Next Story