Top

‘സംസാരിക്കും’; കാര്‍ഷിക നിയമത്തിനെതിരായ ഒ രാജഗോപാലിന്റെ നിലപാടില്‍ പ്രതികരണവുമായി സുരേന്ദ്രന്‍

കേരളം പാസാക്കിയ പ്രമേയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

31 Dec 2020 1:04 AM GMT

‘സംസാരിക്കും’; കാര്‍ഷിക നിയമത്തിനെതിരായ ഒ രാജഗോപാലിന്റെ നിലപാടില്‍ പ്രതികരണവുമായി സുരേന്ദ്രന്‍
X

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സംസ്ഥാനനിയമസഭ പാസാക്കിയ പ്രമേയം പരിഹാസ്യമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമത്തെ എന്തുകൊണ്ടാണ് ഒ രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. നിയമങ്ങള്‍ക്കെതിരെ ഇതുവരെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ കാര്‍ഷികനിയമത്തിന്റെ കാര്യത്തില്‍ ബിജെപിയ്ക്കുള്ളില്‍ രണ്ടുനിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവാദ കാര്‍ഷികനിയമങ്ങള്‍ കേരളത്തിലെ കര്‍ഷകരെ ഒരിക്കലും ബാധിക്കില്ല. കേരളം പാസാക്കിയ പ്രമേയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കര്‍ഷകരെ സംരക്ഷിക്കാന്‍ അല്ല ദുരിതത്തിലേക്ക് നയിക്കാനാണ് പ്രേമേയം ലക്ഷ്യം വെക്കുന്നത്.എപിഎംസി നിയമം ഇത്ര അനുകരണീയമായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് കേരളത്തില്‍ പാസാക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇന്ന് പ്രത്യേകസഭ പാസാക്കിയ പ്രമേയത്തെ ബിജെപിയെ വെട്ടിലാക്കിക്കൊണ്ട് ഒ രാജഗോപാല്‍ പിന്തുണയ്ക്കുകയായിരുന്നു. പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞു. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നും രാജഗോപാല്‍ പ്രതികരിച്ചു.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ക്കാതിരിക്കുന്നതിന്റെ സാംഗത്യം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇത് ജനാധിപത്യ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനാണെന്നായിരുന്നു മറുപടി. നേരത്തെ നിയമസഭയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എ പറയുകയുണ്ടായി. എന്നാല്‍ വോട്ടെടുപ്പ് ഘട്ടത്തില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തില്ല. ഇതിന് പുറമേയാണ് നിയമസഭയ്ക്ക് അകത്ത് വാര്‍ത്താസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചത്.

Next Story