Top

‘വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിര്‍വൃതിയടയുന്ന അവസ്ഥയില്ല ഇന്ന്’; മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നെന്ന് കെ സുധാകരന്‍

ലോക്ഡൗണിനെതിരെ പ്രതിഷേധിച്ച വ്യാപാരികളോട് ഭീഷണി സ്വരത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന വാക്കുകളല്ല ഇതെന്നും അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. കച്ചവടക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുന്നു. നിലനില്‍പ്പിന്റെ സമരമാണ്.അവരുടെ വികാരത്തെയും പ്രശ്‌നത്തിന്റെ ഗൗരവത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നത്. കടകള്‍ പൂട്ടിയിട്ടിട്ട് കാലങ്ങള്‍ ഒരുപാടായി. കച്ചവടം ഇല്ലെങ്കിലും ഉണ്ടെങ്കിലും വാടക, […]

13 July 2021 11:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിര്‍വൃതിയടയുന്ന അവസ്ഥയില്ല ഇന്ന്’; മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നെന്ന് കെ സുധാകരന്‍
X

ലോക്ഡൗണിനെതിരെ പ്രതിഷേധിച്ച വ്യാപാരികളോട് ഭീഷണി സ്വരത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന വാക്കുകളല്ല ഇതെന്നും അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന പഴമൊഴി മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കച്ചവടക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുന്നു. നിലനില്‍പ്പിന്റെ സമരമാണ്.അവരുടെ വികാരത്തെയും പ്രശ്‌നത്തിന്റെ ഗൗരവത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നത്. കടകള്‍ പൂട്ടിയിട്ടിട്ട് കാലങ്ങള്‍ ഒരുപാടായി. കച്ചവടം ഇല്ലെങ്കിലും ഉണ്ടെങ്കിലും വാടക, നികുതി തുടങ്ങിയ അവര്‍ക്ക് അടക്കേണ്ടതുണ്ട്.

ഒരു മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല ഇതെന്ന് അടിവരയിട്ട് പറയുന്നു. അട്ടയെ പിടിച്ച് കിടക്കയില്‍ കിടത്തിയാല്‍ എന്നൊരു പഴമൊഴി ഉണ്ട്. അത് പലപ്പോഴും മുഖ്യമന്ത്രി പ്രാവര്‍ത്തികമാക്കുകയാണ്. വിമര്‍ശനം മുഖ്യമന്ത്രി പിടിച്ചു വാങ്ങുകയാണ്. കച്ചവടക്കാരുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണം. അവരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണം. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ അവരാരോടാണ് പറയേണ്ടത്. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പൊലീസ് അനുവദിച്ചാലും ഇല്ലെങ്കിലും കടകള്‍ തുറക്കുമെന്ന നിലയിലേക്ക് അവരെത്തിയത്. അവരോട് യുദ്ധം ചെയ്യുകയല്ല വേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചയാണ് ക്രിയാത്മക ഭരണ കൂടത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒന്നര വര്‍ഷമായി ജീവിതം മൊത്തം അടച്ചിട്ടു എന്നിട്ടും വാടകയും നികുതിയും ഇന്‍ഷുറന്‍സുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടിവരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാല്‍ അവര്‍ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയില്‍ മാത്രമല്ല, കേരളത്തിലും.
ശാസ്താങ്കോട്ടയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കല്‍, ആടിന് പുല്ലു കൊടുക്കല്‍ തുടങ്ങിയ നാടകങ്ങളൊക്കെ നമ്മള്‍ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിര്‍വൃതിയടയുന്ന അവസ്ഥയിലൂടെയല്ല കേരളം കടന്ന് പോകുന്നത്.

കച്ചവടക്കാര്‍ അവരുടെ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ഫിനാന്‍സ് കമ്പനികളുടെ നടപടി പേടിച്ച് ആത്മഹത്യ ചെയ്തവരുണ്ട് ഈ കേരളത്തില്‍. അവസാന തരി പൊന്നും, താലിമാല പോലും തിരിച്ചെടുക്കാന്‍ നിവൃത്തിയില്ലാതെ ലേലം ചെയ്യാന്‍ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയില്‍ നിന്നുമാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അവര്‍ക്ക് വേണ്ടി ഇതുവരെ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലില്‍ പ്രതികരണങ്ങള്‍ കൂടി ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്.

കേന്ദ്രത്തില്‍ പോയി മറ്റൊരു ഫാഷിസ്റ്റിനെ കണ്ടതിന്റെ ഉറപ്പിന്മേലാണ് ഈ ധാര്‍ഷ്ട്യമെങ്കില്‍ അതിവിടെ വിലപ്പോവില്ല. ഒരു നാട് മുഴുവന്‍ ഇത്രയേറെ പ്രശ്‌നങ്ങളില്‍ പെട്ട് ഊണും ഉറക്കവും നഷ്ടപെട്ട് നില്‍ക്കുമ്പോള്‍. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങിനല്‍കുന്ന സര്‍ക്കാര്‍ കിറ്റില്‍ ക്രീം ബിസ്‌കറ്റുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി വിജയന്റെ പിആര്‍ ഏജന്‍സി കോപ്രായങ്ങള്‍ സഹിക്കാവുന്ന മാനസികാവസ്ഥയിലല്ല കേരളത്തിലെ പൊതു സമൂഹം.കോണ്‍ഗ്രസ് ജീവിക്കാന്‍ വേണ്ടി പൊരുതുന്നവര്‍ക്ക് ഒപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

സ്വന്തം കീശയില്‍ നിന്നും വാടക കൊടുത്ത്, സര്‍ക്കാരിന് നികുതിയും നല്‍കി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭീഷണി കേള്‍ക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനല്‍കില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സംരക്ഷണം ഒരുക്കുമെന്ന് കൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അറിയിക്കുന്നു.

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക് ഡൗണ്‍ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴിവെക്കുന്നതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടും ഞാന്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന മട്ടിലുള്ള പിടിവാശിയാണ് സര്‍ക്കാര്‍ തുടരുന്നത്. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലക്ഷങ്ങള്‍ മുടക്കിയും, ലോണെടുത്തും കച്ചവടം തുടങ്ങിയവര്‍, മാസങ്ങളായി കടകളൊന്ന് തുറക്കാന്‍ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്. വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ ‘നോക്കിക്കളിച്ചാല്‍ മതിയെന്ന ‘ മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല.
കാട്ടില്‍ കയറി മരംവെട്ടി കടത്തിയവരോടും കള്ളക്കടത്തുകാരോടുമല്ല, കടത്ത് മുതല്‍ ഭാഗിച്ച് മൂന്നായി വീതം വച്ചതില്‍ പാര്‍ട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല,
ഭീഷണിയും കടവും ബാധ്യതകളും കയറി മുടിയാന്‍ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളി,’ സുധാകരന്‍ പറഞ്ഞു.

Next Story