Top

‘കെ എസിനെ പറയാന്‍ നീ ആര്’? മാപ്പ് പറഞ്ഞിട്ടും അരിശം തീരാതെ സുധാകരന്‍ അനുകൂലികള്‍; ഷാനിമോളുടെ പേജില്‍ രോഷപ്രകടനം

കെ സുധാകരനെതിരായ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ചിട്ടും ഷാനിമോള്‍ ഉസ്മാനെ വെറുതെ വിടാതെ സുധാകരന്‍ അനുകൂലികള്‍. സുധാകരനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലും അതിന് ശേഷമുള്ള ലൈവ് വീഡിയോകളുടെ കീഴിലുമാണ് തെറിവിളികളും വിമര്‍ശനങ്ങളും ഉയരുന്നത്. സുധാകരനെ ചോദ്യം ചെയ്യാന്‍ നീ ആരാണ്, കെഎസിനെ തൊട്ടാല്‍ വിവരം അറിയും, സുധാകരനെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഷാനിമോള്‍ ഉസ്മാന്റെ പേജില്‍ നിറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഷാനിമോളെ ലക്ഷ്യമിട്ട് സുധാകരന്‍ അനുകൂലികള്‍ […]

5 Feb 2021 6:41 AM GMT

‘കെ എസിനെ പറയാന്‍ നീ ആര്’? മാപ്പ് പറഞ്ഞിട്ടും അരിശം തീരാതെ സുധാകരന്‍ അനുകൂലികള്‍; ഷാനിമോളുടെ പേജില്‍ രോഷപ്രകടനം
X

കെ സുധാകരനെതിരായ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ചിട്ടും ഷാനിമോള്‍ ഉസ്മാനെ വെറുതെ വിടാതെ സുധാകരന്‍ അനുകൂലികള്‍. സുധാകരനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലും അതിന് ശേഷമുള്ള ലൈവ് വീഡിയോകളുടെ കീഴിലുമാണ് തെറിവിളികളും വിമര്‍ശനങ്ങളും ഉയരുന്നത്. സുധാകരനെ ചോദ്യം ചെയ്യാന്‍ നീ ആരാണ്, കെഎസിനെ തൊട്ടാല്‍ വിവരം അറിയും, സുധാകരനെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഷാനിമോള്‍ ഉസ്മാന്റെ പേജില്‍ നിറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഷാനിമോളെ ലക്ഷ്യമിട്ട് സുധാകരന്‍ അനുകൂലികള്‍ രംഗത്തെത്തിയത്. സുധാകരന്റെ പരാമര്‍ശത്തോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഓര്‍മ്മപ്പെടുത്തുകയാണെന്നാണ്് ഷാനിമോള്‍ പറഞ്ഞത്. പരാമര്‍ശം ചര്‍ച്ചയായതോടെ ഷാനിമോള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഷാനിമോള്‍ക്കെതിരെയും സുധാകരന്‍ രംഗത്തെത്തി. തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ ആരാണ്, കെപിസിസി പ്രസിഡന്റോ? എന്നാണ് സുധാകരന്‍ ചോദിച്ചത്.

ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഷാനിമോള്‍ പറഞ്ഞത് ഇങ്ങനെ: കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവന്‍ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാല്‍ ബഹു. K. സുധാകരന്‍ എംപി യോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു കെ സുധാകരന്‍ അവര്‍ക്കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, പ്രസ്താവനയില്‍ രമേശ് ചെന്നിത്തലക്ക് പിന്നാലെ മുല്ലപ്പള്ളിയും കെ സുധാകരനെ പിന്തുണച്ച് പ്രതിരോധം തീര്‍ത്തു. പിണറായി വിജയന്‍ വളര്‍ന്നുവന്ന രീതിയും മുഖ്യമന്ത്രിയായപ്പോഴത്തെ പ്രവൃത്തിയും വിശദീകരിക്കുക മാത്രമാണ് സുധാകരന്‍ ചെയ്തിട്ടുള്ളത്. ജാതീയമായി ആരേയും അധിക്ഷേപിച്ചിട്ടില്ല. ദുര്‍വ്യഖ്യാനം നടത്തുന്നത് ഗൂഡ ലക്ഷ്യത്തോടെയാണെന്നും സുധാകരന്റേത് കണ്ണൂര്‍ രാഷ്ടീയത്തിന്റെ ശൈലിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാവിലെ രമേശ് ചെന്നിത്തലയും കെ.സുധാകരന് അനുകൂലമായി നിലപാട് മാറ്റിയിരുന്നു. തന്റെ ഇന്നലത്തെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമാക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ മലക്കം മറിച്ചില്‍. സുധാകരന്‍ ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ലെന്നും കോണ്‍ഗ്രസിന്റെ സ്വത്താണെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയും ധാരാളിത്തത്തേയും കുറിച്ചാണ് സുധാകരന്‍ പറഞ്ഞത്.

സുധാകരന്‍ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയും ചെന്നിത്തലക്കും ഷാനിമോള്‍ ഉസ്മാന് എതിരെയും കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചെന്നിത്തലയും ഇന്നലെ പ്രതികരിക്കാതിരുന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരനെ അനുനയിപ്പിച്ച് വിവാദം അവസാനിപ്പിക്കുന്നത്. എന്നാല്‍ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. സുധാകരന്റെ പിറകില്‍ നില്‍ക്കുന്ന ആര്‍എസ്എസിനെ കണ്ടാണ് നിലപാട് മാറ്റമെന്ന് ഡിവൈഎഫ്ഐയും പരിഹസിച്ചു.

Next Story