
കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ സുധാകരന്. തന്റെ വാക്കുകളില്‍ കോടതിയലക്ഷ്യമില്ലെന്നും നിലവിലെ നിയമപ്രകാരം തന്നെ ശിക്ഷിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും സുധാകരന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട കോടതിയുടെ അന്നത്തെ വിധി ഉചിതമല്ല എന്ന് അന്നും ഇന്നും എന്നും താന്‍ വിശ്വസിക്കുന്നതായി സുധാകരന് കൂട്ടിച്ചേര്‍ത്തു.
അഗ്ലി എന്ന് പറഞ്ഞാല്‍ കോടതിയലക്ഷ്യമാകുമോ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. ചില വിധികളെ സംബന്ധിച്ച് നിയമവിരുദ്ധം, കഴമ്പില്ലാത്തത് എന്നൊക്കെ അഭിപ്രായ പ്രകടനങ്ങളുണ്ടാകും. കോടതിയില്‍ നിന്നുതന്നെ അത്തരം പ്രയോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് വിധിയെ സംബന്ധിച്ച് പറയുന്ന പദങ്ങളാണ്. ആ വാക്ക് ഉപയോഗിച്ചു എന്ന് പറഞ്ഞ് എന്നെ ശിക്ഷിക്കാനൊന്നും നിലവിലെ നിയമം അനുസരിച്ച് സാധിക്കല്ല. എന്റെ വാക്കുകള്‍ എന്റെ കൈ വിട്ടിട്ടില്ല, കാലും വിട്ടിട്ടില്ല. മേച്ഛനായ ജഡ്ജി എന്നല്ല പറഞ്ഞത് മ്ലേച്ഛമായ വിധി എന്നാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സുധാകരന് ഹൈക്കോടതിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയത്.
ഷുഹൈബ് വധക്കേസില്‍ വിധിപറഞ്ഞ ജഡ്ജിയുടെ മനോനില തകരാറിലാണെന്ന് സുധാകരന് വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
2018 ലാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. 2019 ആഗസ്റ്റ് മാസത്തില്‍ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതിനെതിരായി കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.
സുധാകരന്റെ പരാമര്‍ശങ്ങള്‍ അധിക്ഷേപകരമാണെന്നും കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായിയാണ് എജിയെ സമീപിച്ചത്.