Top

‘ഗുണവും മണവുമില്ലാത്ത ഇങ്ങനൊരു രീതി മറ്റൊരു പാര്‍ട്ടിയിലും ഉണ്ടാകില്ല’; ഇത് കോണ്‍ഗ്രസിനുള്ള അവസാന ചാന്‍സാണെന്ന് ഓര്‍മ്മിപ്പിച്ച് സുധാകരന്‍

പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ മേലുള്ള പ്രതീക്ഷകളെ തൊട്ടറിയുന്നുണ്ടെന്നും അത് തന്നെ ഭയപ്പെടുത്തുക പോലും ചെയ്യുന്നുണ്ടെന്നും സുധാകരന്‍ പറയുന്നു.

13 Jun 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഗുണവും മണവുമില്ലാത്ത ഇങ്ങനൊരു രീതി മറ്റൊരു പാര്‍ട്ടിയിലും ഉണ്ടാകില്ല’; ഇത് കോണ്‍ഗ്രസിനുള്ള അവസാന ചാന്‍സാണെന്ന് ഓര്‍മ്മിപ്പിച്ച് സുധാകരന്‍
X

കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആര്‍ക്കും കോണ്‍ഗ്രസിലേക്ക് കടന്നുവരാമെന്ന അവസ്ഥ മാറ്റുമെന്ന് സുധാകരന്‍ ഉറപ്പുനല്‍കി. അഞ്ച് അംഗങ്ങളെ ചേര്‍ക്കുന്ന ആള്‍ക്ക് ഭാരവാഹിയാകാമെന്ന അവസ്ഥ മാറ്റും. ഇത്രയും ഗുണവും മണവുമില്ലാത്ത ഒരു രീതി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ടാകില്ല. ഇക്കാര്യം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ മേലുള്ള പ്രതീക്ഷകളെ തൊട്ടറിയുന്നുണ്ടെന്നും അത് തന്നെ ഭയപ്പെടുത്തുക പോലും ചെയ്യുന്നുണ്ടെന്നും സുധാകരന്‍ പറയുന്നു. ഇളകി നില്‍ക്കുന്ന പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നത് വലിയ ദൗത്യമാണ്. ഇപ്പോള്‍ ശരിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് തന്നെ സംബന്ധിച്ച് അനുകൂല ഘടകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങുമ്പോള്‍ അതൃപ്തിയുണ്ടെങ്കിലും സഹകരിക്കാമെന്ന നിലപാടിലേക്ക് എ,ഐ ഗ്രൂപ്പുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മാനിക്കാതെ പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും തെരഞ്ഞെടുത്തതില്‍ അതൃപ്തി കനക്കുന്ന സാഹചര്യത്തില്‍ കെപിസിസിയ്ക്കുള്ളില്‍ ഉടന്‍ പൊട്ടിത്തെറി ഉണ്ടായേക്കുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കെപിസിസി അധ്യക്ഷന്റേയും മറ്റ് ഭാരവാഹികളുടേയും നടപടികളോട് സഹകരിച്ച് മുന്നോട്ട് പോകാനാണ് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

poli

Next Story