Top

‘താമരത്തണലിലാണ് തുടര്‍ഭരണമെന്ന് വ്യക്തം’; ശശികലയും പാലത്തായി പ്രതിയും മുതല്‍ സുരേന്ദ്രനെ വരെ സംരക്ഷിക്കുന്നതെന്തിനെന്ന ചോദ്യമെറിഞ്ഞ് സുധാകരന്‍

ബിജെപി-സിപിഐഎം അവിശുദ്ധ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു

16 July 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘താമരത്തണലിലാണ് തുടര്‍ഭരണമെന്ന് വ്യക്തം’; ശശികലയും പാലത്തായി പ്രതിയും മുതല്‍ സുരേന്ദ്രനെ വരെ സംരക്ഷിക്കുന്നതെന്തിനെന്ന ചോദ്യമെറിഞ്ഞ് സുധാകരന്‍
X

കൊടകരകുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സൂചിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഘപരിവാറിന് വിടുപണി ചെയ്താണ് പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലേറിയതെന്ന് സുധാകരന്‍ ആഞ്ഞടിച്ചു. പല വിവാദങ്ങളിലും മോഹന്‍ ഭാഗവത്, കെപി ശശികല, പാലത്തായി കേസ് പ്രതി എന്നിവരെ ഇടതുസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആക്ഷേപിച്ച സുധാകരന്‍ ബിജെപി-സിപിഐഎം അവിശുദ്ധ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സി.പിഎമ്മിൻ്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങൾ ചരിത്രത്തിൽ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? പി.മോഹനനെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയിൽ പോലീസിൻ്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഢന കേസിലെ സംഘപരിവാർ കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നുകൂടി ചേർക്കാം! കുഴൽപ്പണക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പിണറായി വിജയൻ സംരക്ഷിക്കുന്നതെന്തിന്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോയാൽ പിണറായി വിജയൻ്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർ ഭരണം വരെ എത്തി നിൽക്കുന്ന ആർ എസ് എസ് ബന്ധത്തിൻ്റെ, സംഘപരിവാർ പ്രീണനത്തിൻ്റെ ചുരുളുകൾ അഴിഞ്ഞു വീഴും.സംഘപരിവാറിന് വിടുപണി ചെയ്ത് ബിജെപി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയൻ്റെ തീരുമാനമെങ്കിൽ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും.

Next Story