Top

‘പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് കൊടുങ്കാറ്റായി തിരിച്ചുവരും’; കെ. സുധാകരന്‍ പടയൊരുക്കം തുടങ്ങിയോ?

കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറായ കെ സുധാകരന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അണികള്‍ ആകാംശയോടെ കാത്തിരുന്നത്.

6 May 2021 7:47 AM GMT

‘പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് കൊടുങ്കാറ്റായി തിരിച്ചുവരും’; കെ. സുധാകരന്‍ പടയൊരുക്കം തുടങ്ങിയോ?
X

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വമ്പന്‍ പൊട്ടിത്തെറിയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാവുകയെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അത്തരത്തിലൊരു സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒറ്റപ്പെട്ട രാജികളുണ്ടായെങ്കിലും സംസ്ഥാന നേതൃത്വത്തിന് വലിയ ഉലച്ചിലുകളൊന്നും ഉണ്ടായിട്ടില്ല. എം ലിജുവാണ് ഇതുവരെ രാജിവെച്ചവരില്‍ പ്രമുഖന്‍. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറായ കെ സുധാകരന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അണികള്‍ ആകാംശയോടെ കാത്തിരുന്നത്. എന്നാല്‍ ഒരു ഫെയിസ്ബുക്ക് പോസ്റ്റിലൊതുക്കിയ സുധാകരന്‍ പൊട്ടിത്തെറിയുടെ സംശയം പോലും ബാക്കിയാക്കിയില്ല.

എ, ഐ ഗ്രൂപ്പുകള്‍ രഹസ്യവും പരസ്യവുമായി യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും ഇനിയെന്ത് എന്നതിനെക്കുറിച്ച് ആരും അഭിപ്രായപ്പെടുന്നുമില്ല. പ്രതിപക്ഷ നേതാവായി വിടി സതീഷന്‍ വരാനാണ് സാധ്യത. പാര്‍ട്ടി പിടിച്ചെടുക്കാന്‍ സുധാകരന്‍ ശ്രമിക്കുമെന്ന കാര്യം അണികള്‍ക്കിടയില്‍ സംസാരമുണ്ട്. കെ. സുധാകരന്റെ ഫാന്‍ ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ ഇത്തരത്തിലുള്ള സൂചനകളും നല്‍കുന്നുണ്ട്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടങ്ങുന്ന മുന്‍നിര നേതാക്കളെക്കാള്‍ കെ സുധാകരന്‍ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനാണെന്നാണ് പല ഹാന്‍ഡിലുകളും വ്യക്തമാക്കുന്നത്.

സിപിഐഎമ്മിലെ പി ജയരജാന് നേരത്തെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയാ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ജയരാജന്‍ തന്നെ ഇത്തരം ഫാന്‍ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ മയപ്പെട്ടു. സുധാകരന് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ തോല്‍വിക്ക് പിന്നാലെ ഇരട്ടിയായെന്നാണ് ചില കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ പ്രചാരണം. ജില്ലാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്താന്‍ സുധാകരന്‍ ചരടുവലിക്കുന്നതായി അഭ്യൂഹങ്ങളുമുണ്ട്.

സുധാകരന്‍ മെയ് രണ്ട് രാത്രി ഒമ്പത് മണിക്ക് പുറത്തുവിട്ട പോസ്റ്റ്

ആടിയുലയുന്ന കടല്‍ തിരകളിലും
ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും
തിമിര്‍ത്ത് പെയ്യുന്ന മഴയിലും
ചുട്ട് പൊള്ളുന്ന വെയിലത്തും
വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്.
കാലം കരുതി വെച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും…

കനത്ത പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതൃസ്ഥാനം തുടങ്ങിയവയിലെ അഴിച്ചുപണി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇന്നലെ ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തിലാണ് തിരുവഞ്ചൂരിനായുള്ള ആവശ്യം ശക്തമായത്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം.

യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കെപിസിസി അധ്യക്ഷനെതിരേയും വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് യോഗം വിലയിരുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം.

ഇന്ന് രാവിലെ ആര്യാടന്‍ മുഹമ്മദിന്റെ തിരുവനന്തപുരത്തെ ഫല്‍റ്റിലായിരുന്നു എ വിഭാഗം നേതാക്കള്‍ എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി ടി തോമസ്, കെ ബാബു, ബെന്നി ബഹനാന്‍, എം എം ഹസ്സന്‍ എന്നിവരാണ് എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു യോഗം ചേര്‍ന്നിട്ടില്ലെന്നും ആര്യാടന്‍ മുഹമ്മദിന് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനാല്‍ അദ്ദേഹത്തെ കാണാനെത്തിയതാമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല.

Next Story