പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും; രാഹുല്‍ ഗാന്ധി സുധാകരനെ പിന്തുണച്ചെന്ന് റിപ്പോര്‍ട്ട്
കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്, പി.സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്
30 May 2021 3:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് രാജിവെച്ചതിന് പിന്നാലെ പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. കെ. സുധാകരനാണ് നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സജീവമായി പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധി സുധാകരനെ പിന്തുണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ അധികം വൈകാതെ ഔദ്യോഗിക സ്ഥിരീകരമുണ്ടാവും. ദേശീയ നേതൃത്വത്തിന് പിന്തുണ ലഭിച്ചാല്‍ ഗ്രൂപ്പുകള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും സുധാകരന് തന്നെയാവും അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക.
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കെ. സുധാകരന്റെ പിന്തുണയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകളില്‍ നിന്ന് സുധാകരനെ കടുത്ത വിയോജിപ്പുകളുണ്ടായാല്‍ ദേശീയ നേതൃത്തിന്റെ തീരുമാനം അന്തിമമാകും. പൂര്‍ണമായും പുതിയ നേതൃത്വത്തെ അടുത്ത അഞ്ച് വര്‍ഷത്തെ ചുമതല ഏല്‍പ്പിക്കാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. വിഡി സതീശന് ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരുന്നു.
കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്, പി.സി വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ചേരിതിരിവുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. തെരെഞ്ഞെടുപ്പ് തോല്‍വിയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു.