‘തളിപ്പറമ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചു’; കെ സുധാകരന് മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കുന്നെന്ന് എം വി ഗോവിന്ദന്
തളിപ്പറമ്പില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം വി ഗോവിന്ദന് മാസ്റ്റര്‍. കോണ്‍ഗ്രസ് എം പി കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. ചെറിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവര്‍ റിട്ടേണിങ്ങ് ഓഫീസറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതികരിച്ചു. തളിപ്പറമ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് ബോധപൂര്‍വ്വം ശ്രമിച്ചത്. അയ്യങ്കോലില്‍ ഉണ്ടായ സംഘര്‍ഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും […]

തളിപ്പറമ്പില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം വി ഗോവിന്ദന് മാസ്റ്റര്‍. കോണ്‍ഗ്രസ് എം പി കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. ചെറിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവര്‍ റിട്ടേണിങ്ങ് ഓഫീസറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.
തളിപ്പറമ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനാണ് ബോധപൂര്‍വ്വം ശ്രമിച്ചത്. അയ്യങ്കോലില്‍ ഉണ്ടായ സംഘര്‍ഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
എം വി ഗോവിന്ദന്
തളിപ്പറമ്പില്‍ എല്‍ഡിഎഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുകയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുള്‍ റഷീദ് പറഞ്ഞു. തളിപ്പറമ്പില്‍ റീ പോളിങ് വേണമെന്ന ആവശ്യവും യുഡിഎഫ് ഉയര്‍ത്തിയിട്ടുണ്ട്.
‘ആന്തൂര്‍ മുനിസിപാലിറ്റിയിലെ ഏകദേശം മുപ്പതോളം ബൂത്തുകള്‍ രാവിലെത്തന്നെ പൂര്‍ണമായും സിപിഐഎം നിയന്ത്രണത്തിലായിരുന്നു. പകുതിയോളം ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാരെ ഇരുത്താന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും സിപിഐഎമ്മുകാര്‍ അടിച്ചോടിച്ചു. രണ്ട് ബൂത്തുകളില്‍ മാത്രമാണ് ഏജന്റുമാരെ ഇരുത്താന്‍ സമ്മതിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ബൂത്തിലാണ് ഞാന്‍ ആദ്യം കയറിയത്. സ്ഥാനാര്‍ത്ഥിയായ എന്റെ മുമ്പില്‍ നിന്നുതന്നെ കള്ളവോട്ട് ചെയ്യുകയാണ്. 23 വയസുകാരന്റെ വോട്ട് ചെയ്യുന്നത് 70 കാരനാണ്. ഞാനത് ചോദ്യം ചെയ്തു. അപ്പോള്‍ ഫസ്റ്റ് ലെവല്‍ ഓഫീസര്‍ ഇത് കള്ളവോട്ടാണെന്ന് പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും വോട്ടറെയും കൊണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടി. പോളിങ് നിര്‍ത്തിവെക്കണമെന്ന് പ്രിസൈഡിങ് ഓഫീസറോട് ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു അക്ഷരം പോലും മിണ്ടിയില്ല. ആ ബൂത്തില്‍നിന്നും എന്നോട് ആക്രോശിച്ച് ഇറങ്ങിപ്പോടാ എന്നൊക്കെ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാണെന്ന് ഞാന്‍ പറഞ്ഞു. എല്ലാ ബൂത്തുകളിലും പോകുമ്പോള്‍ എന്റെ വാഹനം തടഞ്ഞു. എല്ലാ വഴിയിലും പാര്‍ട്ടി ചെക്ക്പോസ്റ്റുകള്‍ കെട്ടിയിരിക്കുകയാണ്. പാര്‍ട്ടിക്കാരാണോ എന്ന് സ്ക്രീന്‍ ചെയ്തിട്ടാണ് ഇവര്‍ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനുകളിലേക്ക് വിടുന്നത്’, അബ്ദുള്‍ റഷീദ് വിവരിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈഎസ്പിയെ ബന്ധപ്പെട്ടു. സിഐയും എസ്ഐയും തന്റെ കൂടെ വന്നു. പക്ഷേ ബൂത്തില്‍ കയറാന്‍ അവര്‍ക്ക് അധികാരമില്ലല്ലോ. ബൂത്തിനകത്താണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രിസൈഡിങ് ഓഫീസറുടെ മുന്നില്‍വെച്ച് എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉന്തി താഴെയിടാന്‍ ശ്രമിച്ചു. ഒരു സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. പത്തിരുപത് പൊലീസുകാരുണ്ട് എല്ലാ സ്ഥലത്തും. സ്ഥാനാര്‍ത്ഥിയായ എന്നെ ലോക്കിട്ട് പിടിക്കാനാണ് പൊലീസുകാര്‍ നിന്നത്. യുഡിഎഫ് ഏജന്റിനെ മര്‍ദ്ദിച്ചിട്ടും വനിതാ വോട്ടര്‍മാരെ അക്രമിച്ച് ആട്ടിപ്പായിച്ചിട്ടും ഞാന്‍ ആ ഭാഗത്തേക്ക് പോവുന്നത് തടയുകയാണ് പൊലീസുകാര്‍ ചെയ്തത്. പൊലീസ് നിസ്സഹായരാണെന്നാണ് പറയുന്നത്’, അദ്ദേഹം പറയുന്നു.
ലൈവ് വൈബ്കാസ്റ്റിങിന്റെ ക്യാമറകള്‍ തിരിച്ചുവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ജനാധിപത്യത്തിന്റെ വ്യഭിചാരമാണ് തളിപ്പറമ്പില്‍ നടക്കുന്നത്. തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെക്കണെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു. ജില്ലയില്‍ ഏറ്റവുമധികം കള്ളവോട്ട് ആരോപണം ഉയര്‍ന്ന മണ്ഡലമാണിത്.