‘രതീഷിനെ കെട്ടിത്തൂക്കിയത് കൂട്ടുപ്രതികള്‍, പ്രകോപനം സിപിഐഎം നേതാവിനെതിരായ പരാമര്‍ശത്തില്‍’; ആരോപണവുമായി സുധാകരന്
പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം യാദൃശ്ചികമായി സംഭവിച്ചതെന്ന് കെ സുധാകരന് എംപി. കേസിലെ പ്രതികള്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരു പ്രാദേശിക നേതാവിനെ കുറിച്ചുള്ള രതീഷിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതികള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ രതീഷിന്റെ ബോധം പോയതോടെ മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും സുധാകരന് ആരോപിച്ചു. പ്രതികള്‍ താമസിച്ച വളയത്തെ ഒരു പ്രാദേശിക പ്രവര്‍ത്തകനില്‍ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചതെന്നും അയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എംപി വ്യക്തമാക്കി. ‘മന്‍സൂര്‍ വധകേസില്‍ ഗൂഢാലോചനയുണ്ട്. […]

പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം യാദൃശ്ചികമായി സംഭവിച്ചതെന്ന് കെ സുധാകരന് എംപി. കേസിലെ പ്രതികള്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരു പ്രാദേശിക നേതാവിനെ കുറിച്ചുള്ള രതീഷിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതികള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ രതീഷിന്റെ ബോധം പോയതോടെ മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും സുധാകരന് ആരോപിച്ചു. പ്രതികള്‍ താമസിച്ച വളയത്തെ ഒരു പ്രാദേശിക പ്രവര്‍ത്തകനില്‍ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചതെന്നും അയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എംപി വ്യക്തമാക്കി.
‘മന്‍സൂര്‍ വധകേസില്‍ ഗൂഢാലോചനയുണ്ട്. രതീഷ് തൂങ്ങി മരിച്ചത് യാദൃശ്ചികമാണ്. മര്‍ദനമേറ്റിട്ടുണ്ട്. അതെല്ലാം യാദൃശ്ചിക സംഭവത്തിന്റെ ഭാഗമായിട്ടാണെന്നാണ് വൈകി വന്ന തെളിവുകളില്‍ നിന്നും മനസിലാവുന്നത്. സംസാര മധ്യേ അദ്ദേഹം ഒരു നേതാവിനെകുറിച്ച് പറഞ്ഞു. അതിനോടുള്ള പ്രതികരണമാണ് രതീഷിനെതിരെ നടന്ന ആക്രമണം. പ്രതികള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അവിടെ വെച്ച് രതീഷ് ഒരു നേതാവിനെകുറിച്ച് നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തില്‍ പ്രകോപിതരായവര്‍ രതീഷിനെ അക്രമിച്ചു. അക്രമത്തില്‍ ബോധംകെട്ടു. അയാളെ കെട്ടിതൂക്കി. ഇവര്‍ ഒളിവില്‍ താമസിച്ചത് വളയത്താണ്. തൂങ്ങിമരണമല്ല. ഈ പറയുന്ന നേതാവ് മന്‍സൂര്‍ നേതാവിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ട്. പ്രാദേശിക നേതാവാണ്. ഇവര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കിയില്ലായെന്ന പരാമര്‍ശത്തിലാണ് പ്രകോപനം ഉണ്ടായത്. ഈ വിവരം ലഭിച്ചതിന്റെ കേന്ദ്രം വെളിപ്പെടുത്താന്‍ കഴിയില്ല. പിന്നെ അദ്ദേഹത്തിന് അവിടെ ജീവിക്കാന്‍ പറ്റില്ല.’ കെ സുധാകരന് പറഞ്ഞു.
പനോളി വത്സന് എന്ന നേതാവാണ് മന്‍സൂര്‍ വധക്കേസ് ആസൂത്രണം ചെയ്തതെന്ന ആരോപണത്തില്‍ സുധാകരന് ഉറച്ച് നിന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് ചുമതലയുള്ള സ്ഥലത്ത് അദ്ദേഹം എന്തുകൊണ്ട് വന്നില്ലെന്നും അദ്ദേഹം അവിടെ വന്നില്ലായെന്നതാണ് ഏറ്റവും സംശയാസ്പദമായ കാര്യമെന്നും സുധാകരന് പറഞ്ഞു.
രതീഷിന്റെ മരണത്തില്‍ യുഡിഎഫ് നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന് എംപി ആരോപിച്ചത്. ‘കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സിപിഐഎമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.