Top

‘കെ സുധാകരന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നയാള്‍’; ഇനി അഭിപ്രായത്തിന് വിലയില്ലെന്ന് ഉണ്ണിത്താന്‍

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കെ സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്ന് പിസി ചാക്കോ പറഞ്ഞെന്നും അങ്ങനെ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് വില നല്‍കേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ”പിസി ചാക്കോ പരസ്യമായാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണം സുധാകരന്‍. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ ചാക്കോ പറഞ്ഞത് സത്യമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിടാന്‍ അദ്ദേഹം തീരുമാനം എടുത്തത് കൊണ്ടാണ്, കോണ്‍ഗ്രസിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന നമ്മള്‍ […]

17 March 2021 9:01 AM GMT

‘കെ സുധാകരന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നയാള്‍’; ഇനി അഭിപ്രായത്തിന് വിലയില്ലെന്ന് ഉണ്ണിത്താന്‍
X

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കെ സുധാകരന്‍ പാര്‍ട്ടി വിടുകയാണെന്ന് പിസി ചാക്കോ പറഞ്ഞെന്നും അങ്ങനെ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് വില നല്‍കേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

”പിസി ചാക്കോ പരസ്യമായാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് പറഞ്ഞത്. ചാക്കോയുടെ പ്രസ്താവനക്കെതിരെ ശക്തമായി മുന്നോട്ട് പോകണം സുധാകരന്‍. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ ചാക്കോ പറഞ്ഞത് സത്യമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് വിടാന്‍ അദ്ദേഹം തീരുമാനം എടുത്തത് കൊണ്ടാണ്, കോണ്‍ഗ്രസിനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന നമ്മള്‍ വിശ്വസിക്കേണ്ടിവരും.”- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

സുധാകരന്‍ വര്‍ക്കിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വര്‍ക്കിംഗ് പ്രസിന്റായി അംഗീകരിക്കും. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് സുധാകരന്‍. കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാരെ ആവശ്യമില്ല. വര്‍ക്കിംഗ് പ്രസിഡന്റിനെ വയ്ക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നിരാശയാണ് നല്‍കിയതെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. പിസി ചാക്കോയുടെ പ്രസ്താവനയ്ക്കും കെ സുധാകരന്‍ മറുപടി നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കണ്ണൂര്‍ എംപി പറഞ്ഞു. ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്. ചാക്കോ എന്‍സിപിയില്‍ പോയത് എന്തു പ്രതീക്ഷയിലാണെന്ന് അറിയില്ല. പി സി ചാക്കോയുമായി ഞാന്‍ ഇത്തരമൊരു സംഭാഷണം നടത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ തുടരണമോ എന്ന സന്ദേഹം അദ്ദേഹവുമായി പങ്കുവെച്ചിട്ടുമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് അകത്ത് നമുക്ക് പ്രശ്നങ്ങളൊക്കെയുണ്ടാകും. ആ പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. പരസ്യപ്രസ്താവന വിലക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്ന പി സി ചാക്കോ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായത്. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് എന്നോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവെപ്പില്‍ കെ സുധാകരന്‍ കടുത്ത അസ്വസ്ഥതയിലാണ്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അര ഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരും. തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. കോണ്‍ഗ്രസ് തകരുന്ന പളുങ്ക് പാത്രം പോലെയായെന്നും ചാക്കോ വിമര്‍ശിച്ചു.

കേരളത്തില്‍ ശബരിമല ചര്‍ച്ചയാകുന്നത് ആശയദാരിദ്ര്യം മൂലമാണ്. സിപിഐഎം ആണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബിജെപിയെ എതിര്‍ക്കുന്നത്. ആര്‍എസ്എസിനേയും ബിജെപിയേയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അടുത്ത ദിവസം മുതല്‍ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങും. പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടുമെന്നും പി സി ചാക്കോ പറയുകയുണ്ടായി.

Next Story