Top

കെപിസിസിക്കെതിരെ മുരളീധരന് പിന്നാലെ സുധാകരനും; ‘മുല്ലപ്പള്ളിയുടെ വ്യക്തി താല്‍പര്യങ്ങള്‍ കണ്ണൂര്‍ ഡിസിസി ഏറ്റെടുക്കില്ല’

കണ്ണൂര്‍: കെ മുരളീധരന്‍ എംപിക്ക് പിന്നാലെ കെപിസിസിക്കെതിരെ തിരിഞ്ഞ് കെ സുധാകരനും. വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഃഖകരമാണെന്ന് സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയാണ് പ്രതിഷേധം കനക്കുന്നത്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ഗ്രൂപ്പ് തര്‍ക്കം നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കി […]

25 Nov 2020 4:37 AM GMT

കെപിസിസിക്കെതിരെ മുരളീധരന് പിന്നാലെ സുധാകരനും; ‘മുല്ലപ്പള്ളിയുടെ വ്യക്തി താല്‍പര്യങ്ങള്‍ കണ്ണൂര്‍ ഡിസിസി ഏറ്റെടുക്കില്ല’
X

കണ്ണൂര്‍: കെ മുരളീധരന്‍ എംപിക്ക് പിന്നാലെ കെപിസിസിക്കെതിരെ തിരിഞ്ഞ് കെ സുധാകരനും. വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഃഖകരമാണെന്ന് സുധാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയാണ് പ്രതിഷേധം കനക്കുന്നത്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ഗ്രൂപ്പ് തര്‍ക്കം നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കി ഡിസിസി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കെ സുധാകരന്‍ അടക്കമുള്ള നേതാക്കളായിരുന്നു തീരുമാനമെടുത്തത്.

എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവര്‍ കെപിസിസിയെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ കൂടിയാലോചനകളില്ലാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കിയവരെ സ്ഥാനാര്‍ത്ഥികളായി ചപ്രഖ്യാപിക്കുകയായിരുന്നെന്നാണ് ആരോപണം. ഇതോടെയാണ് ഡിസിസി നേതൃത്വം ഇടഞ്ഞത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഡിസിസിയുടേതാണെന്നും ഡിസിസി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ അത് പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നുമാണ് ഡിസിസി വാദിക്കുന്നത്. കൂടിയാലോചനകളില്ലാതെ കെപിസിസി അധ്യക്ഷന്‍ നടത്തുന്ന നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

‘കെപിസിസിക്ക് ലഭിച്ച പരാതിയില്‍ ഡിസിസിയുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമുണ്ടായത്. ഇവിടെ തീര്‍പ്പാകാത്ത വിഷയങ്ങളുണ്ടെങ്കില്‍ അത് മേല്‍ക്കമ്മറ്റിയെ അറിയിക്കേണ്ടത് ഡിസിസിയാണ്. ഡിസിസി അത്തരമൊരു പരാതി അയച്ചിട്ടില്ല. വ്യക്തികള്‍ നല്‍കിയ പരാതിയുടെ പുറത്താണ് നടപടി. ആ നടപടി കണ്ണൂര്‍ ഡിസിസിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ഇവിടുത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടും അറിഞ്ഞുമാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. അവരവിടെ കേവലം പരാതി മാത്രം കണ്ടാണ് തീരുമാനിക്കുന്നത്’, കെ സുധാകരന്‍ പറഞ്ഞു.

മുല്ലപ്പള്ളി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ കൈപ്പത്തി ചിഹ്നം നല്‍കിയിട്ടില്ല. ഇതിനെതിരെ സ്ഥാനാര്‍ത്ഥികളും അവരെ അനുകൂലിക്കുന്നവരുമടങ്ങുന്ന എ വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസിക്കും കെ സുധാകരനെ അനുകൂലിക്കുന്നവര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കെസി വേണുഗോപാലനെ അനുകൂലിക്കുന്ന മൂന്നാം വിഭാഗവും ഡിസിസിക്കെതിരാണ്.

കെപിസിസിയേക്കാള്‍ വലുതാണോ കണ്ണൂരിലെ ഡിസിസി എന്ന പരസ്യ വിമര്‍ശനം കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് നടത്തുകയും ചെയ്തു.

പ്രദേശത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ലാ നേതൃത്വമാണെന്നും ജില്ലാ നേതൃത്വത്തോട് കൂടിയാലോചനകള്‍ നടത്താതെ കെട്ടിവെക്കുന്ന പ്രവണതയോട് പ്രാദേശിക നേതൃത്വം തയ്യാറല്ലെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷനെയോ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നെയോ തീരുമാനത്തില്‍ പങ്കാളികളാക്കുകയോ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്തില്ലെന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. ഇത്തരം ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാവില്ല. വ്യക്തിതാല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാട് ദുഃഖകരമാണ്.

സമാന പ്രശ്‌നം വി മുരളീധരന്‍ എംപിയും ഉന്നയിച്ചിരുന്നു. വടകരയില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. വടകര ബ്ലോക്ക് കല്ലാമല ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കാധാരം.

‘കല്ലാമലയില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിവല്‍ ഒരു സ്ഥാനാര്‍ത്ഥി വന്നു. ചിഹ്നം ഡിസിസി നല്‍കിയിട്ടില്ലെന്നും കല്ലാമലയില്‍ ആര്‍എംപിയാണ് സ്ഥാനാര്‍ത്ഥിയെന്നുമാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ എന്നോട് പറഞ്ഞത്. കല്ലാമലയില്‍ കോണ്‍ഗ്രസാണ് മത്സരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞ് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അത്തരത്തിലൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. അതെല്ലാം ഒഴിവാക്കേണ്ടതാണ്. സ്ഥലം എംപി എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ എന്നെക്കൂടി അറിയിക്കാമായിരുന്നു. കണ്‍വെന്‍ഷനില്‍ യുഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലെത്തുമ്പോള്‍ പ്രചരണത്തില്‍നിന്നും മാറി നില്‍ക്കുക എന്നതേ എനിക്ക് ചെയ്യാന്‍ കഴിയൂ. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ച ശേഷമേ ഇനി മണ്ഡലത്തില്‍ പ്രചരണത്തില്‍ പങ്കെടുക്കുകയുള്ളൂ’, മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായാല്‍ എങ്ങനെയാണ് വോട്ട് ചോദിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ ജന്മനാടാണ് കല്ലാമല. മുല്ലപ്പള്ളി ഇടപെട്ടാണ് വിമത സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കിയത്.

Next Story