‘അഗ്‌നിയാലെഴുതിയ അക്ഷര ജീവിതം’, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചാരണം നടത്തി

അക്ഷരങ്ങളെ അഗ്നിയാക്കി അധര്‍മ്മത്തിനും അനീതിക്കും അസന്മാര്‍ഗികതയ്ക്കും എതിരെ പടപൊരുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂര്‍ രാജഭരണകൂടം നാടുകടത്തിയത് 1910സെപ്റ്റംബര്‍ 26ന് ആയിരുന്നു. ആ ചരിത്രപുരുഷന്റെ നാടുകടത്തല്‍ ദിനാചരണം അദ്ദേഹത്തിന്റെ ജന്മഗൃഹമായ നെയ്യാറ്റിന്‍കരയിലെ കൂടില്ലാ വീട്ടില്‍ നടന്നു.

നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍, രാമകൃഷ്ണ പിള്ളയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസ്സ്‌ക്ലബ് സെക്രട്ടറി സജിലാല്‍ നായര്‍ അധ്യക്ഷനായി.

ആജീവനാന്ത പത്ര പ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ബിഎക്ക് പഠിക്കുമ്പോള്‍ ‘കേരളദര്‍പ്പണ’ത്തിന്റേത് ഉള്‍പ്പെടെ പല പത്രങ്ങളുടെയും പത്രാധിപരായി. കൈ തൊട്ട എല്ലാ പത്രങ്ങളിലും അദ്ദേഹത്തിന് സ്വന്തം കയ്യൊപ്പ് പതിപ്പിക്കുവാനായി. സ്വതന്ത്രമായ ചിന്തയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ഒരു പത്രാധിപരായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന മേഖലയില്‍ അനുഷ്ഠിക്കേണ്ടുന്ന സ്വാതന്ത്ര്യ ബോധത്തെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു സ്വദേശാഭിമാനി.

കേവലം 38വര്‍ഷം മാത്രം ജീവിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിവാദ പുരുഷനും ആയിരുന്നു. സാമൂഹ്യമായ പ്രശ്‌നങ്ങളില്‍ ഏറ്റവും ശക്തമായി പ്രതികരിച്ചപ്പോഴാണ് അദ്ദേഹം നോട്ടപ്പുള്ളിയാവുന്നത്. മണ്മറഞ്ഞ് 104 വര്‍ഷം കഴിഞ്ഞിട്ടും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ചരിത്രപുരുഷന്മാരില്‍ ഒരാളായി സ്വദേശാഭിമാനി ഇന്നും നിലനില്‍ക്കുന്നു.

Covid 19 updates

Latest News