
സംസ്ഥാനത്ത് പക്ഷിപ്പനി എത്തിയത് ദേശാടന പക്ഷികള്‍ വഴിയെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ ജില്ലയില്‍ 37,656 പക്ഷികളെ നശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൂടി കൊല്ലുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി അവലോകന യോഗത്തിന് ശേഷമായിരുന്നു കെ രാജുവിന്റെ പ്രതികരണം.
23,857 പക്ഷികള്‍ രോഗബാധ മൂലം നേരത്തെ ചത്തിരുന്നു. 7,729 പക്ഷികളേയാണ് കോട്ടയം ജില്ലയില്കൊന്നത്. എച്ച5എന്‍8 വൈറസിന് ജനിതക മാറ്റം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 6,200 താറാവുകളെയാണ് ഇനി കൊല്ലേണ്ടത്.
പനി സ്ഥിരീകരിച്ച 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം പക്ഷികളുടെ ഇറച്ചിയോ മുട്ടയോ പാകം ചെയ്ത് കഴിക്കുന്നതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടപരിഹാരം ഇപ്പോള്‍ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടന്‍ വിതരണം ചെയ്യും. കര്‍ഷകരുടെ കൂടുതല്‍ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കും. കൊന്ന പക്ഷികള്‍ക്കും നേരത്തെ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നല്‍കും. പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.