Top

അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ച നടപടി; സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ ഇടപെടുമെന്ന് കെ രാജന്‍

അണ്ടര്‍ സെക്രട്ടറിയ്‌ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ചൂണ്ടി പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ പ്രതികരണം.

18 July 2021 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ച നടപടി; സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ ഇടപെടുമെന്ന് കെ രാജന്‍
X

മരംമുറി വിവാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിക്കലില്‍ മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ ഇടപെടാമെന്നാണ് മന്ത്രി സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. അണ്ടര്‍ സെക്രട്ടറിയ്‌ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ചൂണ്ടി പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ പ്രതികരണം.

വന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ നടപടി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മുന്‍പ് പ്രതികാര നടപടി ആരോപണത്തോട് മന്ത്രി കെ രാജന്റെ പ്രതികരണം. മരംകൊള്ള സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിന് പിന്നാലെയാണ് ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയത്. ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും മാത്യകയാണെന്ന് കാട്ടി ഇറക്കിയ ഉത്തരവാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് റദ്ദാക്കിയത്. അദ്ദേഹം തന്നെയായിരുന്നു നേരത്തെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ഉത്തരവ് ഇറക്കിയതും.

എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു കെ രാജന്‍ നേരത്തേയും പറഞ്ഞത്. ഇതില്‍ പ്രതികരിച്ചുകൊണ്ട് ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ വകുപ്പ് മന്ത്രി അറിഞ്ഞ മട്ടില്ലെന്നും അതോ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ വകുപ്പ് സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചതാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Next Story