Top

‘ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ല’; പ്രതികാരനടപടിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍

ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

16 July 2021 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ല’; പ്രതികാരനടപടിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍
X

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശനിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാരനപടി സ്വീകരിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. ഫയലുകള്‍ കൈമാറിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിയെടുത്തിട്ടില്ലെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു

മരംമുറി ഫയലുകള്‍ വിവരാവകാശ നിമപ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് പിന്‍വലിച്ചെന്ന വാര്‍ത്തയാണ് പ്രതികാര നടപടിയെന്ന ആരോപണത്തിന് കാരണമായത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് നപടി സ്വീകരിച്ചത്. എന്നാല്‍ തനിക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് റവന്യൂ മന്ത്രി പറയുന്നത്. ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വ്വീസ് നല്‍കാനുള്ള അടിസ്ഥാനമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ പ്രതികരണം.

മുട്ടില്‍ വിവാദം കത്തിനിന്നതുമുതല്‍ ശാലിനിയ്‌ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയ ഈ ഉദ്യോഗസ്ഥയെ രണ്ടുമാസത്തെ അവധിയില്‍ വിട്ടതിന് പിന്നാലെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം നടക്കുന്നതായി മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റവന്യൂ എ,എല്‍,യു സെക്ഷനുകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയായ ശാലിനിയെ സി,ഡി സെക്ഷന്‍ ചുമതലയിലേക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് വിവരാവകാശ രേഖകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ശാലിനിയാണ് മറുപടി നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശാലിനിയെ വിളിച്ചുവരുത്തി ശകാരിക്കുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായി ജോലി ചെയ്തതതിന്റെ പേരില്‍ റവന്യൂ വകുപ്പിലെ ചില ഉന്നതര്‍ ഈ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശാലിനിക്കെതിരായ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ കേരള സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Next Story