Top

കെ ഫോണ്‍ ഡിജിറ്റല്‍ വിപ്ലവത്തില്‍ ആദ്യ ചുവടുവെയ്പ്; ഏഴ് ജില്ലകളില്‍ ആയിരം കണക്ഷന്‍ പൂര്‍ത്തിയായി; 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ ഉടന്‍ അതിവേഗ ഇന്റര്‍നെറ്റ്

സംസ്ഥാനത്തിന്റെ സ്വപ്‌ന ഡിജിറ്റല്‍ പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ടിവിറ്റി പൂര്‍ത്തിയായെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള കെ ഫോണ്‍ വിശദീകരണ യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും സഫീറുള്ള പറഞ്ഞു. വിവരസാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും പത്തില്‍ താഴെ ശതമാനം സര്‍ക്കാര്‍ […]

13 Feb 2021 4:22 AM GMT

കെ ഫോണ്‍ ഡിജിറ്റല്‍ വിപ്ലവത്തില്‍ ആദ്യ ചുവടുവെയ്പ്; ഏഴ് ജില്ലകളില്‍ ആയിരം കണക്ഷന്‍ പൂര്‍ത്തിയായി; 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ ഉടന്‍ അതിവേഗ ഇന്റര്‍നെറ്റ്
X

സംസ്ഥാനത്തിന്റെ സ്വപ്‌ന ഡിജിറ്റല്‍ പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ടിവിറ്റി പൂര്‍ത്തിയായെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള കെ ഫോണ്‍ വിശദീകരണ യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും സഫീറുള്ള പറഞ്ഞു.

വിവരസാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും പത്തില്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കല്‍ ഫൈബര്‍ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിട്ടില്ല. ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ അടിസ്ഥാനസൗകര്യം ആവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റര്‍മാരെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് പ്രധാനമായും നഗരപ്രദേശങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ലഭ്യത പരിമിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങള്‍ സ്വായത്തമാക്കുന്നതില്‍ സംസ്ഥാനം വേഗത കൈവരിക്കുകയാണ്. ഇവ വര്‍ധിച്ചുവരുന്ന ബാന്‍ഡ് വിഡ്ത്ത് ആവശ്യകതയിലേക്കും നയിക്കും. മേല്‍പ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള കേരളത്തിന്റെ ദര്‍ശനാത്മക പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.

കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് ഉദ്ഘാടനം.

ഏഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളില്‍ 1100 കോടി രൂപ ചെലവാക്കിയാണ് ആദ്യഘട്ട കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാക്കിയത്. ജൂലൈയോടെ 5700 ഓഫീസുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. 29,000 ഓഫീസുകള്‍, 32,000 കിലോമീറ്റര്‍ ഒഎഫ്‌സി, എട്ട് ലക്ഷം കെഎസ്ഇബി തൂണുകള്‍, 375 പോപ്പുകളുടെ (പോയിന്റ് ഓഫ് പ്രസന്‍സ്) പ്രീ ഫാബ് ലൊക്കേഷന്‍ എന്നിവയുടെ സര്‍വ്വേ പൂര്‍ത്തിയായിരുന്നു. 14 ജില്ലകളിലായി 7200 കിലോമീറ്റര്‍ ഒഎഫ്‌സി കേബിള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. 360 കിലോമീറ്ററില്‍ വൈദ്യുതി ടവറുകള്‍ വഴിയുള്ള കേബിളിങ്ങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

14 ജില്ലകളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (കോര്‍ റിങ്ങ്) വഴിയാണ് കെ ഫോണ്‍ നെറ്റ് വര്‍ക് ബന്ധിപ്പിക്കുന്നത്. കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. സബസ്റ്റേഷനുകളിലെ കോര്‍ പോപ് സംവിധാനത്തെ 110, 220, 440 കെവി ടവറുകളിലൂടെ സ്ഥാപിക്കുന്ന ഒഎഫ്‌സി കേബിള്‍ വഴി ബന്ധിപ്പിക്കും. 100 ജിബിപിഎസ് ആണ് ഇവയുടെ ശേഷി. കെ ഫോണ്‍ നെറ്റ് വര്‍ക്കിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ഓപ്പറേറ്റിങ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ശൃംഖലയുടെ ആകെ വ്യാപ്തി 35,000 കിലോമീറ്ററോളം വരും.

കെഎസ്ഇബിയുടെ പ്രതികരണം

സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി സര്‍വീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനെ ടെന്‍ഡര്‍ നടപടിയിലൂടെയാണ് തിരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികള്‍ ഉള്‍പ്പെടെ കണ്‍സോര്‍ഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്.

Next Story